ആദ്യം ചെറിയ തടിപ്പ്, പിന്നീട് മുഴയായി മാറും; ജില്ലയിലെ ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തി പശുക്കളിലെ ചർമ്മ മുഴ, ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്നറിയാം


കോഴിക്കോട്: ജില്ലയിലെ ക്ഷീര കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോ​ഗമായ ലംപി സ്കിൻ ഡിസീസ് അല്ലെങ്കിൽ ചർമ്മ മുഴ. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും വാക്സിനേഷനിലൂടെയും രോ​ഗം വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ മൃ​ഗ സംരക്ഷണ വകുപ്പ് കർഷകർക്ക് നൽകുന്ന നിർദേശം.

3 മുതൽ 5 സെന്റിമീറ്റർ വ്യത്യാസത്തിൽ ചെറിയ തടിപ്പാണ് ആദ്യ ലക്ഷണമായി പശുക്കളിൽ കണ്ടുവരുന്നത്. കാലക്രമേണ ഇത് വലിയ മുഴയായും പിന്നീട് വ്രണമായും മാറാറുണ്ട്. പനി, തീറ്റ എടുക്കാനുള്ള വിമുഖത എന്നിവയും ഉണ്ടായേക്കാം. പാലുൽപാദനം 30% വരെ കുറയാനും സാധ്യതയുണ്ട്.

 

പോക്സ് ഇനത്തിൽപ്പെടുന്ന വൈറസാണ് രോഗകാരി. കൊതുക്, ഈച്ച, ഉണ്ണി, തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് പശുക്കളിലെത്തുക. ഇവയുടെ സാന്നിധ്യം ഒഴിവാക്കുകയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് പകരുന്ന വെെറൽ അസുഖമായതിനാൽ രോഗം ബാധിച്ച പശുക്കളെ പെട്ടെന്ന് തന്നെ മാറ്റിനിർത്തി മറ്റ് ഉരുക്കളെ പരിചരിക്കണം. മുഴ വ്രണമായാൽ ബാക്ടീരിയബാധ ഒഴിവാക്കാനായി കരുതൽ വേണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക് നൽകാം. മുറിവുകളിൽ പുഴുക്കൾ വരാതിരിക്കാൻ കരുതലും ശ്രദ്ധയും ആവശ്യമാണ്.

ദിവസവും തൊഴുത്തും പരിസരവും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കണം. രോഗബാധയുള്ള സ്ഥലങ്ങളിൽ ഉരുക്കളുടെ വില്പന, സഞ്ചാരം, കാലിക്കടത്ത്, കന്നുകാലി പ്രദർശനം എന്നിവ നിയന്ത്രിക്കണം. ചർമ്മപുഴ രോഗത്തിനെതിരായി പ്രതിരോധ വാക്സിൻ നൽകുക. നാലു മാസത്തിനു മുകളിൽ പ്രായമുള്ള, മുൻപ് രോഗം വന്നതും പ്രതിരോധ മരുന്നുകൾ സ്വീകരിച്ചതുമായ ഉരുക്കളൊഴികെ എല്ലാത്തിനും പ്രതിരോധ കുത്തിവെപ്പുകൾ നൽകണമെന്നും അധീകൃതർ നിർദേശിച്ചു.