അതിരുവിട്ട് ആഘോഷം; കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാംപസില്‍ വാഹനങ്ങളുമായുള്ള അഭ്യാസ പ്രകടനത്തിനിടെ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു (വീഡിയോ കാണാം)


കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ആഘോഷ പ്രകടനം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കോളേജ് മൈതാനത്ത് വച്ച് കാറുകളും ബൈക്കുകളുമായി അപകടകരമായ രീതിയില്‍ റേസിങ് നടത്തിയത്.

കാറുകളുടെ മുകളിലും ഡിക്കിയിലും ബോണറ്റിന് മുകളിലും ഇരുന്നു കൊണ്ടാണ് അപകടകരമായ രീതിയില്‍ ഓടിച്ചത്. അതിര് വിട്ട ഈ ആഘോഷത്തിനിടെ ഒരു കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ താഴെ കാണാം.

വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

ശക്തമായ നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനം ഓടിച്ചവര്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ ആറ് മാസത്തേക്ക് ലൈസസ് സസ്‌പെന്റ് ചെയ്യും. ലൈസന്‍സ് ഇല്ലാത്ത കുട്ടികളാണ് വാഹനമോടിച്ചതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെയാകും നടപടി. ഇവരില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കും. ഈ കുട്ടികള്‍ക്ക് 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

ജില്ലയിലെ വേറേയും നിരവധി സ്‌കൂളുകളില്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടുണ്ട്. മുക്കം എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജെ.സി.ബിയില്‍ കയറിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തിയത്. ഇവിടെയും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

വീഡിയോ കാണാം: