ഇന്‍ഷൂറില്ലാത്ത ബസിടിച്ച് യുവാവ് മരിച്ചു; ബസ് ഉടമയും ഡ്രൈവറും 30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവുമായി വടകര എംഎസിടി കോടതി


വടകര: റോഡ് മുറിച്ചു കടക്കുന്നതിടയില്‍ ബസിടിച്ച് നേപ്പാള്‍ സ്വദേശി മരിച്ച കേസില്‍ ബസുടമയും ഡ്രൈവറും നഷ്ടപരിഹാരം നല്‍കണമെന്ന് വടകര എംഎസിടി കോടതി ഉത്തരവ്. ബസുടമയായ കണ്ണൂര്‍ കാഞ്ഞിരോട് കടുക്കിമൊട്ട പ്രണവത്തില്‍ അനീഷ്‌കുമാര്‍, ഡ്രൈവര്‍ കൊയിലാണ്ടി മുചുകുന്ന് സ്വദേശി പുളിയഞ്ചേരി കുളങ്ങര അഭിലാഷ് എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

30,91,000രൂപയും ഇതിന്റെ 9 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരമായ നല്‍കാനാണ് ഉത്തരവ്. നേപ്പാള്‍ ഡെഡല്‍ ദുര ജില്ലയില്‍ ജൗഖേത് പരശുറാമില്‍ ബഹാദൂറിന്റെ മകന്‍ ഡാല്‍ ബഹാദൂര്‍ ദാമി(28) മരിച്ച കേസിലാണ് വിധി. 2019 മെയ് 19നാണ് കേസിനാസ്പദമായ സംഭവം.

കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ചേമഞ്ചേരിയില്‍ വച്ചാണ് ബഹാദൂര്‍ ദാമിയെ ഇടിച്ചത്. ബസിന് ഇന്‍ഷൂറന്‍സ് ഇല്ലായിരുന്നു. ബഹാദൂര്‍ ദാമിയുടെ മാതാപിതാക്കള്‍, ഭാര്യ, സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.