അഴിയൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നത്‌ 1.45 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും


അഴിയൂര്‍: അഴിയൂരില്‍ വീട് കുത്തിത്തുറന്ന് കള്ളന്‍ പണവും സ്വര്‍ണാഭരണവും മോഷ്ടിച്ചു. റബീനാസില്‍ മുസ്തഫയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കള്ളന്‍ കയറിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്.

1.45 ലക്ഷം രൂപയും ഒരു ലക്ഷം വില വരുന്ന സ്വര്‍ണാഭരണവുമാണ് വീട്ടില്‍ നിന്നും മോഷണം പോയത്. വീട്ടിലെ അലമാരകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോളാണ് കള്ളന്‍ കയറിയത് മനസിലായത്. ഉടന്‍ ചോമ്പാല്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു