പ്രകൃതി വിഭവങ്ങള്‍, ജൈവ സമ്പത്ത്, സസ്യ സമ്പത്ത് തുടങ്ങിയ വിവരങ്ങളുടെ ക്രോഡീകരണം; വടകര മുനിസിപ്പാലിറ്റിയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


വടകര: വടകര മുനിസിപ്പാലിറ്റിയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2018ല്‍ തയ്യാറാക്കിയ രജിസ്റ്റര്‍ ജനകീയ പങ്കാളിത്തത്തോടെ പുതുക്കുകയാണ് ചെയ്യുന്നത്. പ്രളയങ്ങളും മറ്റ് സംഭവവികാസങ്ങളും കാരണം ജൈവവൈവിധ്യത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ കൂടി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.

മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രകൃതി വിഭവങ്ങള്‍, ജൈവ സമ്പത്ത്, സസ്യ സമ്പത്ത് തുടങ്ങിയവയുടെ എല്ലാം വിവരങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമാക്കിയാണ് രജിസ്റ്റര്‍ പുതുക്കുക. ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ യജ്ഞത്തിന് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍, മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ ഹരീഷ് കെ വിപിന്‍, കെ.പി ഷൈനി, എം മനോജ് കുമാര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ പ്രതിജ്ഞ, പഴയ റജിസ്റ്റര്‍ പരിശോധിക്കല്‍, പ്ലക്കാര്‍ഡ് പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു. ഇവ നടത്തുന്നതിന്റെ ജിപിഎസ് മാപ്പ് അടങ്ങിയ പടങ്ങളാണ് ജൈവവൈവിധ്യ ബോര്‍ഡിന് അയച്ചു കൊടുക്കേണ്ടത്. മുനിസിപ്പാലിറ്റി തലത്തിലുള്ള ജൈവ വൈവിധ്യ സംരക്ഷണ സമിതിയും ഡിവിഷന്‍ തലങ്ങളിലുള്ള ഉപസമിതികളും ചേര്‍ന്നാണ് റജിസ്റ്റര്‍ പുതുക്കല്‍ നടത്തുക.