കൊയിലാണ്ടിയില്‍ ജനങ്ങളെ ഭയപ്പെടുത്തി യുവാക്കളുടെ ബൈക്ക് അഭ്യാസം; നിയമലംഘനത്തിനെതിരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം


കൊയിലാണ്ടി: യുവാക്കളുടെ ബൈക്ക് അഭ്യാസത്തില്‍ വലഞ്ഞ് നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിക്കാതെയും അപകടകരമായ വേഗതയിലും ബൈക്ക് ഓടിച്ച് ചീറിപ്പാഞ്ഞ് പോകുന്ന യുവാക്കള്‍ റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്.

ബൈക്കില്‍ മാറ്റങ്ങള്‍ വരുത്തി കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കിയാണ് ഇവരുടെ കുതിപ്പ്. അപകടകരമായ രീതിയില്‍ മറ്റ് വാഹനങ്ങളെ മറികടക്കുന്നതാണ് പതിവ്. പലപ്പോഴും ഒരു ബൈക്കില്‍ മൂന്ന് പേരാണ് ഉണ്ടാവുക.

പൊലീസ് പരിശോധന ഉണ്ടെന്ന സൂചന കിട്ടിയാല്‍ ഇവര്‍ വഴി മാറിപ്പോകും. ഇത്തരത്തില്‍ ബൈക്ക് അപകടകരമായി ഓടിച്ച് അഭ്യാസം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ഒന്നും ചെയ്യുന്നില്ല എന്നാണ് ആരോപണം. ശക്തമായ നടപടി വേണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

കൊയിലാണ്ടി-അരിക്കുളം റോഡ്, കൊയിലാണ്ടി-താമരശ്ശേരി റോഡിലുമാണ് ബൈക്ക് അഭ്യാസം പതിവ് കാഴ്ചയായിരിക്കുന്നത്. കൂടാതെ പല ഉള്‍നാടന്‍ റോഡുകളിലും ചീറിപ്പായുന്ന ബൈക്കുകള്‍ കാണാം.