ജനങ്ങള്‍ ഒഴുകിയെത്തി; കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്‌


കൊയിലാണ്ടി: വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഇന്ന് വൈകീട്ട് മുതലാണ് നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അടുത്ത മൂന്ന് ദിവസം അവധിയായതിനാൽ കൂടുതൽ പേർ ഷോപ്പിങ്ങിനായി നഗരത്തിലെത്തിയതും സ്വകാര്യ ബസ് സമരത്തെ തുടർന്ന് ആളുകൾ കൂടുതലായി സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചതുമാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

കൊയിലാണ്ടി, കൊല്ലം ടൗണുകളിലാണ് കൂടുതൽ ഗതാഗതക്കുരുക്ക്. ചെങ്ങോട്ടുകാവ് മുതൽ പാലക്കുളം വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. രാത്രിയിലും ഗതാഗതക്കുരുക്ക് തുടരുകയാണ്. കൊയിലാണ്ടി നഗരത്തിലും കൊല്ലം ടൗണിലും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

നാളെ ഞായറാഴ്ചയും അതിനടുത്ത രണ്ട് ദിവസങ്ങളിൽ ദേശീയ പണി മുടക്ക് നടക്കുന്നതിനാലുമാണ് മൂന്ന് ദിവസം അവധിയായത്.