കറങ്ങിത്തിരിയുന്നതല്ലാതെ കണക്ഷന്‍ കിട്ടുന്നില്ലേ? മോശം ഇന്റര്‍നെറ്റ് കണക്ഷന് പരിഹാരവുമായി ജിയോ ഫൈബർ, വെറും 198 രൂപയുടെ പ്ലാനില്‍ ഇടമുറിയാതെ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം


പയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ ഫൈബർ. ഇന്റർനെറ്റ് സേവനം തടസപ്പെടാതിരിക്കാന്‍ ബാക്ക്-അപ്പ് നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപ മുതല്‍ തുടങ്ങുന്ന ഈ പ്ലാനുകളുടെ  ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് സേവനം ഉപയോക്താക്കൾക്ക് മാർച്ച് 30 മുതൽ ലഭ്യമാകും. പ്രൈമറി കണക്ഷൻ പ്രവർത്തിക്കുന്നില്ലെങ്കിലും മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം തകരാറിലായാലും ഇന്റർനെറ്റ് കണക്ഷൻ ഇനി ഇടതടവില്ലാതെ ലഭിക്കും.

ജോലി ആവശ്യങ്ങൾക്കും മറ്റുമായി എപ്പോളും ഇന്റര്‍നെറ്റ് ആവശ്യമുള്ള ആളുകൾക്കാണ് ജിയോഫൈബർ ബാക്കപ്പ് ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രൈമറി കണക്ഷനിൽ തടസം ഉണ്ടാകുമ്പോൾ സെക്കന്ററി കണക്ഷൻ ഉപയോഗിച്ച് ഇന്റർനെറ്റ് ലഭിക്കാൻ പുതിയ പ്ലാന്‍ സഹായിക്കും. വൺ-ക്ലിക്ക് സ്പീഡ് അപ്‌ഗ്രേഡും ഈ പ്ലാനിലൂടെ ലഭ്യമാകും.

​ജിയോ ഫൈബറിന്റെ ബാക്ക് അപ്പ് പ്ലാൻ

ബ്രോഡ്‌ബാൻഡ് ബാക്ക് അപ്പ് പ്ലാനിന് ഒരു മാസം 198 രൂപ മുതലാണ് ചിലവ് വരുന്നത്. 198 രൂപ പ്ലാനിലൂടെ നിങ്ങൾക്ക് 10 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. നിങ്ങളുടെ പ്രാഥമിക ബ്രോഡ്‌ബാൻഡ് കണക്ഷൻ തകരാറിലാണെങ്കിൽ നിങ്ങൾക്ക് ജിയോഫൈബർ കണക്ഷൻ ഉപയോഗിക്കാന്‍ വൺ-ക്ലിക്ക് സ്പീഡ് അപ്‌ഗ്രേഡും ചെയ്യാം. ഇത്തരത്തിൽ ഇന്റർനെറ്റ് വേഗത 30 എംബിപിഎസ് മുതൽ 100 എംബിപിഎസ് വരെയായി ഉയർത്താന്‍ സാധിക്കും.

സെക്കന്ററി കണക്ഷന്റെ ഇന്റർനെറ്റ് വേഗത വർധിപ്പിക്കുമ്പോൾ 30 എംബിപിഎസ് വേഗതയ്ക്കായി ഒരു ദിവസത്തേക്ക് 21 രൂപയും 2 ദിവസത്തേക്ക് 31 രൂപയും 7 ദിവസത്തേക്ക് 101 രൂപയുമാണ് അധികമായി നൽകേണ്ടി വരുന്നത്. 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് വേണമെങ്കിൽ ഒരു ദിവസത്തേക്ക് 32 രൂപയും രണ്ട് ദിവസത്തേക്ക് 52 രൂപയും 7 ദിവസത്തേക്ക് 152 രൂപയുമാണ് നൽകേണ്ടി വരുന്നത്. നിങ്ങളുടെ പ്രൈമറി ഇന്റർനെറ്റ് കണക്ഷൻ ഒരു ദിവസത്തേക്ക് തകരാറിലാകുമെന്ന് മനസിലാക്കിയാൽ നിങ്ങൾക്ക് 30 എംബിപിഎസ് വേഗതയുള്ള 21 രൂപ പ്ലാനോ 100 എംബിപിഎസ് വേഗതയുള്ള 32 രൂപ പ്ലാനോ തിരഞ്ഞെടുക്കാം.

ജിയോയുടെ ബാക്ക് അപ്പ് പ്ലാനുകൾ അഞ്ച് മാസത്തേക്ക് വരെ ലഭ്യമാണ്. അഞ്ച് മാസത്തേക്ക് ഒരുമിച്ച് പ്ലാൻ ലഭിക്കാൻ നിങ്ങൾ 1490 രൂപ നൽകണം. അഞ്ച് മാസത്തേക്ക് 990 രൂപയും ഇൻസ്റ്റാളേഷന് 500 രൂപയുമാണ് ജിയോ ഈടാക്കുന്നത്. ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് സെറ്റ്-ടോപ്പ് ബോക്സിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. സെറ്റ് ടോപ്പ് ബോക്സ് അപ്‌ഗ്രേഡിന് ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് നിങ്ങൾ അഞ്ച് മാസത്തേക്ക് മൊത്തത്തിൽ 500 രൂപയോ 1000 രൂപയോ നൽകേണ്ടിവരും.