ബൈക്കില്‍ നിന്ന് തെറിച്ചു വീണ് അയനിക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം


പയ്യോളി: ബൈക്കില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാവിലെ ഒമ്പതു മണിയോടെ തുറശ്ശേരിക്കടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമുണ്ടായത്. അയനിക്കാട് ചുള്ളിയില്‍ രാജന്റെ ഭാര്യ ശൈലജയാണ് മരിച്ചത്.

ശൈലജയും മകനും ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അവര്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണത്. ശൈലജയെ ഉടന്‍ വടകര സഹകരണാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സനൂപ്, ഷൈജ, വിഘ്‌നേഷ് എന്നിവരാണ് ശൈലജയുടെ മക്കള്‍. മരുമക്കള്‍ അഖിന, വിജീഷ്. മകളുടെ വീട് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കല്ലിടല്‍ കര്‍മ്മത്തിന് പോകവെയാണ് അപകടമുണ്ടായത്.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.