ദേശീയപാത വികസനം; വടകര മേഖലയില്‍ മൂന്ന് അടിപ്പാതകള്‍ക്ക് അനുമതി


വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി വടകര മേഖലയില്‍ മൂന്ന് അടിപ്പാതകള്‍ നിര്‍മിക്കാന്‍ അനുമതിയായി. കണ്ണൂക്കര, നാദാപുരം റോഡ്, പുതുപ്പണം എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിര്‍മിക്കുക.

അടിപ്പാത നിര്‍മിക്കാതെയുള്ള ദേശീയപാത നിര്‍മാണത്തിനെതിരെ എം.പി, എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അടിപ്പാത നിര്‍മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് ഉത്തരവ് വൈകാതെ ഇറങ്ങും.

ദേശീയപാത 66ന്റെ വികസനത്തോടനുബന്ധിച്ച് മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയില്‍ നാലര കിലോമീറ്റര്‍ ദൂരത്തെ ജനങ്ങളുടെ യാത്ര തടസ്സപ്പെടുന്ന രീതിയിലായിരുന്നു ദേശീയപാത നിര്‍മാണം. ഈഭാഗത്ത് പുതുപ്പണത്താണ് അടിപ്പാത അനുവദിച്ചത്.

പുതുതായി അടിപ്പാത അനുവദിച്ച മൂന്നിടങ്ങളിലും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങളും ജനപ്രതിനിധികളും നിരവധി പരാതികളാണ് നല്‍കിയത്.

ദേശീയപാതയില്‍ അഴിയൂര്‍ റീച്ചില്‍ 13 സ്ഥലങ്ങളില്‍ പ്രധാനമായും അടിപ്പാതയോ മേല്‍പാതയോ, ഫൂട്ട് ഓവര്‍ടേക്ക് ബ്രിഡ്‌ജോ വേണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എല്‍.എ നേരത്തെ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

ബാക്കിയുള്ള സ്ഥലങ്ങളില്‍ കൂടി അടിപ്പാതയോ മേല്‍പാതയോ ഫൂട്ട് ഓവര്‍ടേക്ക് ബ്രിഡ്‌ജോ നിര്‍മിച്ചാല്‍ ദുരിതത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.