പ്രതീക്ഷകള്‍ വെറുതെയായി, നാടിനെയാകെ കണ്ണീരിലാഴ്ത്തി അരിക്കുളത്തെ സിയാദ് യാത്രയായി; ദുഃഖവാര്‍ത്ത എത്തിയത് അപകടത്തെ തുടർന്ന് ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിനിടെ


കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. അരിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡിലെ മാവാട്ട് നടുപ്പറമ്പില്‍ സിയാദാണ് ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു.

ഫെബ്രുവരി 17 നാണ് സിയാദ് സഞ്ചരിച്ച ബൈക്ക് പന്തീരങ്കാവ് ബൈപ്പാസില്‍ വച്ച് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരുക്കേറ്റിരുന്ന സിയാദിന് ഇതിനകം തന്നെ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

തുടര്‍ന്നുള്ള ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണെന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. സിയാദിന്റെ കുടുംബം സാമ്പത്തികമായി പ്രയാസം നേരിടുന്നതിനാല്‍ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ ധനസമാഹരണം നടത്തുന്നതിനിടെയാണ് ദുഃഖകരമായ വാര്‍ത്ത എത്തുന്നത്.

അഷ്‌ററിന്റെയും സാബിറയുടെയും മകനാണ് മുഹമ്മദ് സിയാദ്. ഷഹലത്താണ് ഏക സഹോദരി.