വനിതാ ദിനത്തില്‍ ഇടുക്കിയില്‍ നടന്നത് ദാരുണമായ സംഭവം; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു


തൊടുപുഴ: വനിതാദിനമായ ഇന്ന് ഇടുക്കിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപത്തിയഞ്ചുകാരി മഞ്ഞപ്ര സ്വദേശിനി സോനയുടെ മുഖത്താണ് ഭര്‍ത്താവ് രാഹുല്‍ രാജ് ആസിഡ് ഒഴിച്ചത്.

ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സോനയുടെ ഭര്‍ത്താവ് മുട്ടം സ്വദേശി രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് രാഹുല്‍ ക്രൂരകൃത്യം ചെയ്തത്. വഴക്കിനിടെ പൊടുന്നനെ രാഹുല്‍ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഇക്കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.