സ്വകാര്യ ബസുകളുടെ അമിതവേഗം തടയും, അനധികൃത പാർക്കിങ്ങുകൾക്കെതിരെയും നടപടി; പേരാമ്പ്ര ബസ് സ്റ്റാന്റിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിൽ പൊലീസ് എയ്ഡ് പോസ്റ്റ് നിർമ്മിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്ര ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ഇടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം.

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗം തടയണമെന്നും യോഗത്തിൽ നിർദേശിച്ചു. ടൗണിലും ബസ് സ്റ്റാന്റിലും സി.സി.ടി.വികൾ പ്രവർത്തനസജ്ജമാക്കും. ബസ് സ്റ്റാന്റ് പരിസരത്ത് ഡിവൈഡറുകൾ സ്ഥാപിക്കും. സ്റ്റാന്റിലൂടെ ബസ് ഒഴികെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് തടയും. അനധികൃതമായ വാഹന പാർക്കിങ്ങുകൾക്കെതിരെ നടപടിയുണ്ടാകും. വാഹന പാർക്കിങ് അനുവദനീയമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും.

സീബ്രാലൈനുകൾ വീണ്ടും വരയ്ക്കും. വാഹന പരിശോധന കർശനമാക്കി 43 കേസുകൾ അടുത്തിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ജോയിന്റ് ആർ.ടി.ഒ ടി.എം.പ്രജീഷ് യോഗത്തിൽ അറിയിച്ചു. 3.5ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യപർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ബസ് സ്റ്റാന്റ് പരിസരത്തെ ബിവറേജസ് ഔട്ട്‌ലറ്റിന് സമീപത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. പഞ്ചായത്ത് ഓഫീസ് റോഡിൽ നിന്നും സംസ്ഥാനപാതയിലേക്കും ബൈപ്പാസിൽ നിന്ന് പ്രസിഡൻസി കോളേജ് റോഡ് വഴി സംസ്ഥാനപാതയിലേക്കും വൺവേ ഏർപ്പെടുത്താനും തീരുമാനമായി.