‘ഓര്‍മ്മകളെ ഒരു കൊലവാള്‍ത്തലപ്പിനും ഒടുക്കാനാവില്ലല്ലോ’; ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സുഹൃത്തും സഖാവുമായ വി.കെ സുരേഷ് എഴുതുന്നു


പതിനൊന്ന് വർഷം മുമ്പ് ഒരു മെയ് 4 നായിരുന്നു ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റ് മരിച്ചു വീണത്. ഒഞ്ചിയത്തിന്റെ വീറുറ്റ രക്തസാക്ഷി ടി.പിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സുഹൃത്തും സഖാവുമായ വി.കെ സുരേഷ് വടകര ഡോട് ന്യൂസില്‍ എഴുതുന്നു. ടി.പിയുടെ അന്ത്യ ദിനങ്ങളിലെ ഓര്‍മ്മകള്‍ വളരെ വേദനയോടെയാണ് അദ്ദേഹം കുറിക്കുന്നത്.

ഒരു ദീര്‍ഘയാത്രയുടെ ക്ഷീണവും പേറിയാണ് ഞാന്‍ മെയ് നാലിന് രാത്രി വീട്ടിലേക്ക് കയറിച്ചെന്നത്. ഒന്‍പതരയായി കാണും. കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ ഞാനും ഭാര്യയും മേശയുടെ അടുത്തിരുന്നു. രണ്ടോ മൂന്നോ ഉരുള ചോറ് കഴിച്ചതേയുള്ളൂ. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. അങ്ങേത്തലയ്ക്കല്‍ വള്ളിക്കാട്ടെ മനീഷാണ് റവല്യൂഷണറി ബ്ലോക്ക് കമ്മിറ്റി അംഗവും ചോറോട് ലോക്കല്‍കമ്മിറ്റിയംഗവുമാണ് മനീഷ്. ശബ്ദത്തില്‍ പതിവില്ലാത്ത പതര്‍ച്ച. സഖാവെ, ടി.പിയുടെ ബൈക്കിന്റെ നമ്പരെത്രയാണ്? ഞാന്‍ നമ്പറിനുവേണ്ടി മനസ്സില്‍പ്പരതവേ മനീഷ് വീണ്ടും പറഞ്ഞു. വള്ളിക്കാട് ടൗണില്‍ ആരോ ഒരാള്‍ തലതകര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നു. ടി പിയാണെന്ന് സംശയമുണ്ട്. ചോറ് പറ്റിപ്പിടിച്ച കൈകള്‍ കുടഞ്ഞ് ഞാന്‍ ഉടുത്ത ലുങ്കി വാരിപ്പിടിച്ച് ധൃതിയില്‍ എഴുന്നേറ്റ് കൈ കഴുകി. രണ്ടാമതൊന്ന് ആലോചിക്കാതെ ടി പിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ പോകുന്നില്ല. എനിക്ക് അപകടം മണത്തു. ഒഞ്ചിയം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ചന്ദ്രനെ വിളിച്ചു. ടി പി എവിടെയെന്ന് സഖാവിനറിയില്ല. അതിനുശേഷം കെ കെ ജയനെ. ജയന്‍ സംഭവമൊന്നും അറിഞ്ഞിട്ടില്ല. മനീഷ് വിളിച്ചുപറഞ്ഞ കാര്യം ജയനോട് പറഞ്ഞു. അതിനുശേഷം ഞാന്‍ പോകാന്‍ റെഡിയായി.

അച്ഛനോടും ഭാര്യയോടും പറഞ്ഞു.

‘ചന്ദ്രശേഖരനാണെന്ന് തോന്നുന്നു, വള്ളിക്കാട്ട് ടൗണില്‍ ആരോ തല തകര്‍ന്ന് മരിച്ചെന്ന് വിവരമുണ്ട് ഞാന്‍ പോയി വരാം.” റവല്യൂഷണറി പ്രവര്‍ത്തകനായ വി പി ശശി എന്റെ അയല്‍പക്കത്താണ്. ബൈക്കുമായി ഉടന്‍ എത്താന്‍ പറഞ്ഞു. മനസ്സിനകത്തും തലയിലുമെല്ലാം എന്തെല്ലാമോ മിന്നിമറയുന്നു. ഒന്നും പിടികിട്ടാത്ത അവസ്ഥ. ഒന്നുരണ്ടു മിനിട്ടിനുള്ളില്‍ ശശിയെത്തി. നേരെ വള്ളിക്കാട് ടൗണിലേക്ക് ഞങ്ങള്‍ കുതിച്ചു. വെള്ളികുളങ്ങര ടൗണില്‍ കുറച്ചുപേരുണ്ട്. വള്ളിക്കാട് ടൗണ്‍ വിജനം. ആകെയുള്ളത് ഒരു പൊലീസ് വണ്ടി. റോഡിലിറങ്ങി മൂന്ന് നാല് പൊലീസുകാര്‍ നില്‍ക്കുന്നു. അടുത്തു തന്നെ മോട്ടോര്‍ബൈക്കും. വീണ്ടും ഞാന്‍ ഫോണെടുത്തു. ജയനെ വിളിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു, ഞങ്ങള്‍ വടകര ഗവ. ആശുപത്രിയിലുണ്ട്. ജയന്‍ വിളിച്ചുപറഞ്ഞ വാര്‍ത്ത ഒരിക്കലും ശരിയായിരിക്കരുതേയെന്ന് ആഗ്രഹിച്ചു. വണ്ടിക്ക് പിന്നിലിരുന്ന ഞാന്‍ വീണുപോകുമോയെന്ന് കരുതി. ശശിയെ മുറുക്കിപ്പടിച്ചു. എന്താ, എന്തായി-ശശി ചോദിക്കുന്നു. ഒരു പൊട്ടിക്കരച്ചിലോടെ ഞാന്‍ പറഞ്ഞു. മോനെ ചന്ദ്രശേഖരന്‍ പോയെടാ, അവര് കൊന്നു നമ്മുടെ സഖാവിനെ.

[mid12]

ശശിയുടെ മനസ്സിലും എന്തൊക്കെയോ തോന്നിയിട്ടുണ്ടാകാം. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നേരെ വടകര ഗവ. ആശുപത്രിയിലേക്ക് ചെന്നപ്പോള്‍ അറിഞ്ഞു. എ കെ ബാബുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചേതനയറ്റ ആ ശരീരം കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയെന്ന്. അവിടവിടയായി കുറേപ്പേര്‍ കൂടിനില്‍ക്കുന്നുണ്ട്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എം ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ ഷിജു ആര്‍ ഏങ്ങലടിച്ചു കരയുന്നു. മറ്റുള്ള പല സഖാക്കളും. ഏതാനും സമയം കഴിഞ്ഞതേയുള്ളൂ. സ. എന്‍ വേണുവും കുറച്ചു സഖാക്കളും ഒരു കാറില്‍ ആശുപത്രിയിലേത്തിച്ചേര്‍ന്നു. ആകെ മരവിപ്പായിരുന്നു കുറച്ചുനേരം എല്ലാവര്‍ക്കും. എന്തു ചെയ്യും. മനോനിയന്ത്രണം വീണ്ടെടുത്തതോടെ ഞങ്ങള്‍ കൂടിയാലോചിച്ചു. സഖാക്കള്‍ കുളങ്ങര ചന്ദ്രന്‍, വേണു, ജയന്‍, രാധാകൃഷ്ണന്‍, ഞാന്‍ തുടങ്ങിയവര്‍. സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അപ്പോഴേക്കും ഫോണില്‍ തുരുതുരാ കോളുകള്‍ വന്നുതുടങ്ങിയിരുന്നു. വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി.

വടകര താലൂക്കില്‍ വിവരമറിഞ്ഞ വീടുകളൊന്നും ഉറങ്ങിയിട്ടുണ്ടാവില്ല അന്ന്. നേരം കളഞ്ഞില്ല. ഒരു കാറില്‍ ഞങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുതിച്ചു. ഇതിനകം സഖാവിന്റെ മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. അവിടെ കോഴിക്കോട്ടെ ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകരെല്ലാം കരഞ്ഞുകലങ്ങിയ കണ്ണുകളുമായുണ്ട്. അഡ്വ. പി.കുമാരന്‍കുട്ടിയും കെ എസ് ഹരിഹരനും കുഞ്ഞിക്കണാരേട്ടനും വിനോദും ഷംനാസും അംബികയും പ്രകാശനും സ്മിതയും എന്‍ പി പ്രതാപ്കുമാറും കെ പി ചന്ദ്രനും തുടങ്ങി എത്രയോ പേര്‍. മോര്‍ച്ചറിക്ക് മുന്നിലെ സിമന്റ്ബഞ്ചിലും പരിസരത്തും കൂട്ടം കൂട്ടമായി ആരും ആരോടും ഒന്നും മിണ്ടാതെ വിങ്ങുന്ന മനസ്സുമായി നേരം വെളുപ്പിച്ചു. അപ്പോഴേക്കും ആയിരങ്ങള്‍ ഏതൊക്കെയോ വഴികളിലൂടെ അണമുറിയാതെ പ്രവഹിച്ചുകൊണ്ടിരുന്നു.

എട്ടു മണിയാകുമ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ മോര്‍ച്ചറിയും പരിസരവും ജനസമുദ്രമായി. എസ് എഫ് ഐ മുന്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന അഡ്വ. ഇ.പി.ഷാജിത്ത് എനിക്കരുകിലേക്കെത്തി. അവന്‍ സെക്രട്ടറിയും ഞാന്‍ പ്രസിഡന്റുമായിരുന്നു ദീര്‍ഘകാലം. ചന്ദ്രശേഖരന്റെ തണലില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് രണ്ടും പേര്‍ക്കും സ്വയം നിയന്ത്രിക്കാനായില്ല. പരസ്പരം പുണര്‍ന്ന് പൊട്ടിക്കരഞ്ഞുപോയി ഞങ്ങള്‍. ഇതിനിടയിലാണ് ആരോ ഉച്ചത്തിലെന്റെ പേര് വിളിച്ചത്.

ചന്ദ്രശേഖരന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ഇന്‍ക്വിസ്റ്റ്റൂമിലേക്ക് വിളിക്കുന്നു. കണ്ണുകള്‍ രണ്ടും അമര്‍ത്തിത്തുടച്ച് വേഗം മോര്‍ച്ചറിക്കകത്തേക്ക് കയറി. ജീവനക്കാര്‍ മുന്നില്‍ നടന്ന് ഒരു ഫ്രീസറിന്റെ വലിപ്പ് തുറന്നു. മൂടിപ്പുതച്ച ശരീരം. ഞാന്‍ സഖാവ് ടി പിയെ ഏറ്റുവാങ്ങി. ഇന്‍ക്വിസ്റ്റ് ടേബിളില്‍ കിടത്തി. താമരശ്ശേരി സി ഐ ബെന്നി കൈകള്‍ക്ക് ഗ്ലൗസുകളിട്ട് ഒരു ചെറിയ ബ്ലേഡ്കൊണ്ട് തലയും മുഖവും മൂടിക്കെട്ടിയ തുണി അറുത്ത് മാറ്റി. ഞാന്‍ കണ്ട കാഴ്ചയെ വരികളില്‍ കുറിക്കാനാകില്ല. അതുപോലെ ഒരു ഭീകര ദൃശ്യം ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അറ്റുതൂങ്ങിയ ചെവികള്‍. മുറിഞ്ഞുപോയ മുഖം പിളര്‍ന്നുപോയ തല. ഇല്ല, സഖാവ് ടി പിയല്ല ഇത്. കൂടെയുണ്ടായിരുന്ന സഖാക്കള്‍ മുഖം പൊത്തിക്കരഞ്ഞു. പിന്നെ കരയാനായില്ലെനിക്ക്. ഒരു തരം നിര്‍വ്വികാരതയോടെ പൊലീസ് പറഞ്ഞതെല്ലാം ചെയ്തുകൊടുത്തു.

ഇതിനിടയില്‍ രാഷ്ട്രീയ നേതാക്കളില്‍ പലരും വന്നെത്തി. ഒറ്റത്തവണ മാത്രമേ പലരും നോക്കിയുള്ളൂ. ചന്ദ്രശേഖരന്റെ ആത്മസുഹൃത്തായിരുന്ന സി.പി.ജോണും കൂട്ടത്തില്‍ വന്നെത്തി. ജോണിന്റെ ഞെട്ടലുളവാക്കിയ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.നേരം ഉച്ചയോടടുത്തു ഇന്‍ക്വിസ്റ്റ് പൂര്‍ണ്ണമാകാന്‍. ശേഷം പോസ്റ്റ് മോര്‍ട്ടത്തിന്. 51 വെട്ടുകള്‍ വീണ മുഖം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ അത്യധ്വാനംചെയ്തു.അവസാനം ഞാന്‍ സഖാവിന്റെ കൊത്തിനുറുക്കിയ മുഖം കണ്ടു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുന്നിക്കെട്ടി വികൃതമായ നിലയില്‍. ഒരിക്കലും അത് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവായിരുന്നില്ല. മോര്‍ച്ചറിക്ക് പുറത്ത് ശരീരം എത്തിക്കുമ്പോള്‍ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നും ഉയര്‍ന്നുകേട്ടു. ഇല്ലാ. ടി പി മരിച്ചിട്ടില്ല സഖാവ് ടി പി മരിച്ചിട്ടില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ.

വഴിയോരങ്ങളില്‍ പൂത്തുനില്‍ക്കുന്ന മെയ്ഫ്ളവറുകള്‍ക്കിടയിലൂടെ സഖാവിന്റെ മൃതദേഹവും വഹിച്ച് മെയ് 5-ാം തിയ്യതി ഞങ്ങള്‍ ഒഞ്ചിയത്തേക്ക് യാത്രയായി. അനശ്വരനായ ആ വിപ്ലവകാരിയെ കാത്ത് തിങ്ങിനിരങ്ങി യാത്രാമൊഴി നേരുന്ന മനുഷ്യര്‍. മക്കളെ നൊന്തുപെറ്റ അമ്മമാരുടെ ഒരിക്കലും തോരാത്ത കണ്ണീരില്‍ കുളിപ്പിച്ചതിനുശേഷം തൈവെച്ച പറമ്പിലെ വീട്ടുവളപ്പില്‍ സഖാവിനെ അഗ്‌നിനാമ്പുകള്‍ ഏറ്റുവാങ്ങി. ഒരിക്കലും മായാത്ത ഓര്‍മ്മകളേകി ഞങ്ങളുടെ പ്രിയ സഖാവ് ഇനി ഒരിക്കലും തിരിച്ചുവരാതെ യാത്രയായി.

എങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ പൂത്തു നില്‍ക്കുന്നുണ്ട് മെയ്മാസപ്പുലരിയിലെ തണല്‍മരങ്ങളില്‍ ചുവന്ന പൂക്കള്‍. അതിലുണ്ട് ഒരായിരം വിത്തുകള്‍. നന്മയും സ്നേഹവും നിറഞ്ഞുപൂക്കുന്ന ചെഞ്ചോരപ്പൂക്കളെ കാത്തുവെയ്ക്കുന്ന ഒരു കാലവും വിപ്ലവത്തിന്റെ പുതുമയും സുഖദമായ ഒരു തെന്നലും. ഞങ്ങള്‍ പാടിക്കൊടുക്കും, പറഞ്ഞുകൊടുക്കും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒഞ്ചിയത്തെ മനുഷ്യസ്നേഹം പൂത്തുലഞ്ഞ നന്മയുടെ ഈ പൂമരത്തെക്കുറിച്ച്….