പിക്കപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കേസ്; 5,81,400 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവുമായി വടകര എംഎസിടി കോടതി


വടകര: പിക്കപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കേസിൽ 5,81,400 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കൊയിലാണ്ടി ചേമഞ്ചേരി തുവ്വക്കോട് പൂവ്വച്ചേരി സേതുമാധവന്റെ മകൻ അതുലിന് (30) പരിക്കേറ്റ കേസിലാണ് വടകര എംഎസിടി യുടെ വിധി.

ഈ തുകയ്ക്ക് പുറമേ ഒമ്പത് ശതമാനം പലിശയും കോടതി ചിലവും നൽകാൻ ജഡ്ജി കെ രാമകൃഷ്ണൻ ഉത്തരവിട്ടു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2020 ഡിസംബർ 28നാണ് അപകടം നടന്നത്. കൊയിലാണ്ടി ചെങ്കോട്ടുകാവ് പൂക്കാട് അരങ്ങാടത്ത് വച്ച് കെഎൽ 56 എൻ 1980 ബൈക്കിൽ പിൻസീറ്റ് യാത്രക്കാരനായ അതുലിനെ എതിരെ വന്ന ബോലെരോ പിക്കപ്പ് ഇടിക്കുകയായിരുന്നു. അന്യായക്കാരനുവേണ്ടി അഡ്വക്കേറ്റ് പി.പി ലിനീഷ് ഹാജരായി.