മദ്യപിച്ചെത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പയ്യോളി അയനിക്കാട് എണ്‍പതുകാരന് വെട്ടേറ്റു, പ്രതി അറസ്റ്റില്‍


പയ്യോളി: മദ്യപിച്ചെത്തി അധിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിന് എണ്‍പത് വയസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂളിന് സമീപമാണ് സംഭവം. പുത്തന്‍മരച്ചാലില്‍ കേളപ്പനാണ് വെട്ടേറ്റത്. പ്രതി പുത്തന്‍ മരച്ചാലില്‍ കൃഷ്ണനെ (67) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു.

വെട്ടേറ്റ കേളപ്പന്റെ വീടിന് സമീപത്തുള്ള വഴിയിലൂടെ കൃഷ്ണന്‍ മദ്യപിച്ച് സഞ്ചരിക്കുകയും കേളപ്പന്റെ സഹോദരന്‍ രാജനെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേളപ്പനും സഹോദരനും ഇത് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേളപ്പന്റെ തലയുടെ ഇടത് ഭാഗത്തും കൈക്കുമാണ് വെട്ടേറ്റത്. ആറ് തുന്നലുണ്ട്. ഇദ്ദേഹത്തെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കേളപ്പനെ വെട്ടാന്‍ ഉപയോഗിച്ച കൊടുവാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ നാളെ പയ്യോളി കോടതിയില്‍ ഹാജരാക്കുമെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.