വീണ്ടും ശൈശവ വിവാഹം; മലപ്പുറത്ത് 16 കാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്, പെൺകുട്ടി ആറ്‌ മാസം ഗർഭിണി


മലപ്പുറം: ജില്ലയിൽ വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയുടെ വിവാഹമാണ് നടന്നത്.  ആറ്‌ മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. വണ്ടൂർ സ്വദേശിയായ യുവാവാണ് വിവാഹം കഴിച്ചത്. നിലവിൽ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സിഡബ്ല്യുസി പോലീസിന് റിപ്പോർട്ട് നൽകി.

പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം വണ്ടൂര്‍ സ്വദേശിയായ ബന്ധുവായി നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.

പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് വിവിധ ആശുപത്രകളിൽ ചികിത്സ തേടിയിരുന്നു. പ്രായം മറച്ചുവെച്ചായിരുന്നു ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയിരുന്നത്.

പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും അധികൃതർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മലപ്പുറം സിഡബ്ല്യുസിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേ തുടർന്ന്, മലപ്പുറം ചൈൽഡ് ലൈനിൽ റിപ്പോർട്ട് കൈമാറുകയും
തുടരന്വേഷണത്തിൽ സംഭവം പുറത്തുവരികയുമായിരുന്നു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി.

ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മുമ്പും മലപ്പുറം ജില്ലയിൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടിയെ വിവാഹം കഴിച്ച വണ്ടൂർ സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് എടുത്തേക്കും.