ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണത്തിന് കുറവില്ല; ഇന്ന് നടന്നത് 145 വിവാഹങ്ങൾ


തൃശൂർ: അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചുവെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങള്‍. ഇന്നത്തേക്കായി 162 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കി.

പുലർച്ചെ 5 മാണി മുതൽ വിവാഹങ്ങൾ ആരംഭിക്കുകയും ഉച്ചപ്പൂജയ്ക്കു ശേഷം നട അടയ്ക്കുന്നത് വരെ തുടർന്നിരുന്നു. വിവാഹത്തിനായി മൂന്നു മണ്ഡപങ്ങളുണ്ടായിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്.

ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കു പ്രവേശിപ്പിക്കുകയും പിന്നീട് ഊഴമനുസരിച്ച് വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു.

നിയന്ത്രാതീതമായ തിരക്കായിരുന്നതിനാൽ പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് താങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ഇന്ന് ക്ഷേത്ര ദര്‍ശനത്തിനും നിരവധി ഭക്ത ജനങ്ങളെത്തിയിരുന്നു.