തിരുവള്ളൂർ മഹാശിവക്ഷേത്ര കുളം നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ


വടകര: തിരുവള്ളൂർ മഹാശിവക്ഷേത്ര കുളം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമായ കുളം നവീകരിക്കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ നിരന്തരമായ അഭ്യര്‍ത്ഥന എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീകരണത്തിനായി തുക അനുവദിച്ചത്‌.

ജലവിഭവ വകുപ്പ് വഴിയായിരിക്കും നിർമ്മാണ പ്രവർത്തി നടത്തുക. തിരുവള്ളൂർ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന കുളത്തിന്റെ നവീകരണ പ്രവർത്തി മികച്ച നിലവാരത്തിൽ ഉയർത്താൻ വേണ്ടിയുള്ള നടപടികൾ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിച്ചിട്ടുണ്ട്‌.

ക്ഷേത്ര കമ്മിറ്റിയുടെ അഭ്യർത്ഥനയെ തുടര്‍ന്ന്‌ ക്ഷേത്രക്കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിനും, തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നതായി എംഎൽഎ പറഞ്ഞു.