സില്‍വര്‍ലൈന്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസം; കടബാധ്യത റെയില്‍വേയ്ക്ക് മേല്‍ വരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി


ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈനിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ലൈന്‍ കേരളത്തില്‍ നിലവിലുള്ള റെയില്‍വേയുടെ വികസനത്തിന് തടസമാകുമെന്ന് അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

ഭാവിയില്‍ കേരളത്തില്‍ പാതയുടെ എണ്ണം കൂട്ടി റെയില്‍ വികസനം സാധ്യമാക്കാനാകില്ല. നിലവിലുള്ള റെയില്‍വെ പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. റെയില്‍വേ വികസനത്തിന് വേണ്ടി സ്ഥലമേറ്റെടുക്കേണ്ടിവരുമ്പോള്‍ സ്ഥലം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ പദ്ധതിയുടെ സാമ്പത്തികലാഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. കെ റെയില്‍ കോര്‍പ്പേറഷന്‍ സംസ്ഥാനത്തിനും റെയില്‍വയ്ക്കും തുല്യപങ്കാളിത്തമുള്ള ഒരു കമ്പനിയാണ്. പദ്ധതി സാമ്പത്തികപരമായി ലാഭമായിട്ടില്ലെങ്കില്‍ ഈ വായ്പകളുടെ കടബാധ്യത റെയില്‍വെക്ക് കൂടി വന്നുചേരാനുള്ള സാധ്യത ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര യാത്രക്കാര്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഈ പദ്ധതി സാമ്പത്തികമായി ലാഭം ഉണ്ടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2019 ഡിസംബര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡി.പി.ആര്‍ തയ്യാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയിട്ടുള്ളത്. സാങ്കേതികകാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യത കൂടി പരിശോധിച്ചേ അനുമതി നല്‍കൂ. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി, ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ എന്നിവയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.