വാലന്റൈന്‍സ് ദിന ആഘോഷത്തിനായി എത്തിച്ച 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കു മരുന്നുകളുമായി താമരശ്ശേരി സ്വദേശി പിടിയില്‍


കോഴിക്കോട്: വാലന്റൈന്‍സ് ദിന ആഘോഷത്തിനായി വില്‍പ്പനയ്ക്ക് എത്തിച്ച മാരക മയക്കുമരുന്നുകളുമായി താമരശ്ശേരി സ്വദേശി പിടിയില്‍. 20 ലക്ഷം രൂപ വില മതിക്കുന്ന എം.ഡി.എം.എ (Methylene Dioxy Methamphetamine), 25 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ എന്നിവയുമായി എത്തിയ താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ് (35) പിടിയിലായത്.

ഫറോക്ക് എക്‌സൈസ് റേഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. മാങ്കാവില്‍ നിന്ന് ഇന്നലെ വൈകീട്ട് ഏഴ് മണി വരെയാണ് മയക്കുമരുന്ന് പിടികൂടിയത്.

ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കി. 13.103 മില്ലി എം.ഡി.എം.എയും 25 എല്‍.എസ്.ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്.

എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ മാരായ ടി. ഗോവിന്ദന്‍, വി.ബി. അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എന്‍. സുജിത്ത്, ടി. രജുല്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ റോഷന്‍ വളര്‍ത്തുന്ന നായകള്‍ ദേശീയ പാതയിലൂടെ നടന്നുപോയ സ്ത്രീയെ കടിച്ച് കീറിയ സംഭവം ഏറെ വിവാദമായിരുന്നു.