‘ജമാ-അത്തെ ഇസ്ലാമി-യുഡിഎഫ്-ബിജെപി മഴവിൽ സഖ്യത്തിന്റെ കെ-റെയിൽ സമരകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത് കൊയിലാണ്ടിയോ’; പ്രതിപക്ഷത്തോട് ചോദ്യങ്ങൾ ഉയർത്തി തോമസ് ഐസക്ക്


കോഴിക്കോട്: കെ- റെയിൽനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോൾ പ്രതികരിച്ച് തോമസ് ഐസക്ക്. കൊയിലാണ്ടി കെ-റെയിലിന്റെ സമരകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളതെന്നു തോന്നുന്നു എന്ന് പറഞ്ഞു ഫേസ്ബുക്കിലൂടെയാണ് തോമസ് ഐസക്ക് പ്രതികരിച്ചത്. പോസ്റ്റിലൂടെ മുഖ്യമായും പ്രതിപക്ഷത്തോട് മൂന്ന് ചോദ്യങ്ങൾ ഉയർത്തുകയാണ്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കൊയിലാണ്ടിയാണ് ഒരു കെ-റെയിൽ സമരകേന്ദ്രമായി ജമാ-അത്തെ ഇസ്ലാമി-യുഡിഎഫ്-ബിജെപി മഴവിൽ സഖ്യം മുതൽ തെരഞ്ഞെടുത്തിട്ടുള്ളതെന്നു തോന്നുന്നു. ഇപ്പോൾ തന്നെ കാട്ടിലപ്പീടികയിൽ റോഡുവക്കിൽ സമരപ്പന്തൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കെ-റെയിലിനെ സംബന്ധിച്ച നേരും നുണയും വിശദീകരിക്കുന്നതിന് അവിടെത്തന്നെ ഒരു യോഗത്തിൽ പങ്കെടുത്തു. സാധാരണ ഒരു യോഗത്തിനപ്പുറം കേൾവിക്കാർ സംബന്ധിച്ചിരുന്നു. പ്രതിപക്ഷ നേതാവും വി.ഡി. സതീശനും ഉമ്മൻചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുന്ന വിപുലമായ ഒരു സമ്മേളനം ഇവിടെവച്ച് പിന്നീട് നടത്തുമെന്ന് വിരുദ്ധരുടെ പ്രഖ്യാപനവും വന്നിട്ടുണ്ട്. അതുകൊണ്ട് ഉത്തരം പറയാൻ മൂന്ന് ചോദ്യങ്ങൾ ഉയർത്തുകയാണ് ഞാൻ മുഖ്യമായും ചെയ്തത്.

ഒന്ന്) ദേശീയപാത വികസനത്തിന് കൊയിലാണ്ടിയിൽ ബൈപ്പാസിന് 45 മീറ്റർ വീതിയിൽ സ്ഥലം എടുത്തുകൊണ്ടിരിക്കുകയാണ്. അവിടെയൊരു സമരവും ഇല്ല. എന്നാൽ 20 മീറ്റർ വീതിയിൽ കെ-റെയിലിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരത്തിലാണുതാനും. എന്തുകൊണ്ട് ദേശീയപാത വികസനത്തെ എതിർക്കാൻ ധൈര്യപ്പെടുന്നില്ല?

കാരണം ലളിതമാണ്. ഭൂമി നഷ്ടപ്പെടുന്നവർക്കു പ്രതിഷേധമില്ല. കൊയിലാണ്ടിയിൽ മാത്രമല്ല, കേരളത്തിലുടനീളം അങ്ങനെയാണ്. അത്രയ്ക്കു നല്ല നഷ്ടപരിഹാര/പുനരധിവാസ പാക്കേജാണ് കെ-റെയിലിന്റെ കാര്യത്തിലും വസ്തുതകൾ അറിയുമ്പോൾ യു.ഡി.എഫ് സമരത്തിന് ഭൂമി നഷ്ടപ്പെടുന്നവരെ കിട്ടില്ലായെന്നതായിരിക്കും നടക്കാൻ പോകുന്നത്.

 

രണ്ട്) എങ്ങനെയാണ് കെ-റെയിൽ നിർമ്മാണം ജനവിരുദ്ധമാകുന്നത്? കെ-റെയിലിനുവേണ്ടി എടുക്കുന്ന വായ്പ പാവങ്ങളുടെ ക്ഷേമത്തിനും നാട്ടിലെ റോഡുകളും മറ്റും വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നാണല്ലോ വാദം. കെ-റെയിലിന് കേന്ദ്രസർക്കാർ വിദേശത്തുനിന്നടക്കം വായ്പയെടുക്കാൻ നൽകിയിരിക്കുന്ന അനുവാദം ആ ആവശ്യത്തിനല്ലാതെ മറ്റുള്ള കാര്യങ്ങൾക്കു വിനിയോഗിക്കാൻ ആകുമോ?

ഒരു സംശയവും വേണ്ട. കെ-റെയിൽ ഉപേക്ഷിച്ചാൽ ഈ വായ്പാ അനുവാദം നഷ്ടപ്പെടുമെന്നല്ലാതെ മറ്റു കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ കഴിയില്ല. ഇന്ന് കേരളത്തിലെ പാവങ്ങൾക്ക് കെ-റെയിലിന്റെ ചാർജ്ജ് താങ്ങാനാവുന്നതല്ല എന്നാണല്ലോ വിമർശനം. ഇതു കെ-റെയിലിനു മാത്രമല്ല, ടാക്സിക്കും ഏസി റെയിൽവേ ടിക്കറ്റിനും വിമാനത്തിനുമെല്ലാം ബാധകമാണ്. അതുകൊണ്ട് ആരെങ്കിലും അവ ജനവിരുദ്ധമാണെന്നു പറയുമോ? ഇന്ന് കെ-റെയിലിന്റെ ടിക്കറ്റ് ചാർജ്ജ് താങ്ങാൻ കഴിയാത്ത പാവപ്പെട്ടവരുടെ അടുത്ത തലമുറയ്ക്ക് കെ-റെയിലിൽ മാത്രമല്ല, വിമാനത്തിലും പോകാൻ വരുമാനമുള്ള തൊഴിലുകൾ ഉറപ്പുവരുത്തുന്ന നവകേരള സൃഷ്ടിക്കു വേണ്ടിയാണ് കെ-റെയിൽ.

 

മൂന്ന്) കെ-റെയിലിന് വായ്പയെടുക്കുന്നതിന് യു.ഡി.എഫ് എതിരാണ്. കിഫ്ബി വഴി വായ്പയെടുത്ത് പശ്ചാത്തലസൗകര്യം വികസിപ്പിക്കുന്നതിന് യു.ഡി.എഫ് എതിരാണ്. അവയൊക്കെ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നാണ് അവരുടെ വാദം. എന്താണ് നിങ്ങളുടെ ബദൽ?

റെയിലിനു നിലവിലുള്ളതു നവീകരിക്കുകയും, അധിക പാളങ്ങൾ ഇടുകയും ചെയ്താൽ മതിയെന്നാണല്ലോ വാദം. ഇതിനു വേണ്ടേ പണം? ദേശീയപാത നവീകരിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം പണം നൽകണ്ടേ? നിലവിലുള്ള മറ്റു റോഡുകൾ നവീകരിക്കുന്നതിന് 50000 കോടി രൂപയെങ്കിലും ചെലവു വരില്ലേ? വൈദ്യുതിക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഗ്രിഡിനും ദ്യുതിക്കുംകൂടി 15000 കോടി രൂപ വരില്ലേ? അപ്പോൾ നിങ്ങളുടെ ബദലിനുള്ള പണം എവിടെ നിന്നും ഉണ്ടാക്കും?

ഉത്തരം ലളിതമാണ്. യു.ഡി.എഫിന് കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ഒരു പരിപാടിയേ ഇല്ല. 2011-ലെ ബജറ്റിൽ വളരെ വിശദമായി എങ്ങനെയാണ് ഇന്നത്തെ കിഫ്ബി മോഡലിൽ 40000 കോടി രൂപ സമാഹരിക്കാൻ കഴിയുകയെന്ന് വിശദീകരിക്കുകയുണ്ടായി. 5 വർഷം യുഡിഎഫ് അതിനുശേഷം ഭരിച്ചു. ഒന്നും ചെയ്തില്ല. ഉമ്മൻചാണ്ടിയുടെ അവസാനത്തെ ബജറ്റിൽ അല്ലേ ഇത്തരമൊരു സാധ്യത ഞങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പറയാൻ കഴിഞ്ഞത്. തുടർന്നുവന്ന പിണറായി വിജയൻ സർക്കാരിന്റെ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ കിഫ്ബി പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ അതിൽ നല്ലപങ്കും തീർന്നേനെ. ഇനിയുള്ള രണ്ടോ മൂന്നോ വർഷംകൊണ്ട് പൂർത്തീകരിക്കുമ്പോൾ കേരളത്തിന്റെ മുഖച്ഛായ മാറും. നിങ്ങൾ 5 വർഷം പാഴാക്കാതിരുന്നുവെങ്കിൽ ഇവ ഇതിനകം യാഥാർത്ഥ്യമാകുമായിരുന്നില്ലേ?

ഇതുതന്നെയാണ് കെ-റെയിലിന്റെ ചരിത്രവും. അർദ്ധഅതിവേഗ പാത പോരാ. പൂർണ്ണ അതിവേഗ പാത വേണമെന്നതായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കാഴ്ച്പ്പാട്. വിഎസ് സർക്കാരിന്റെ കാലത്ത് കെ-റെയിൽ ആവിഷ്കരിക്കുന്നതിന് സാധ്യതാ പഠനത്തിനു ഡിഎംആർസിയെ ചുമതലപ്പെടുത്തി. ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ 300 കിലോമീറ്റർ വേഗതിയിൽ പായുന്ന ഹൈസ്പീഡ് റെയിൽ ഉമ്മൻചാണ്ടി സർക്കാർ ആവിഷ്കരിച്ചു. ഞങ്ങൾ എതിർത്തില്ല. പിന്തുണ നൽകി. പിന്നെ എന്തെങ്കിലും നടന്നോ? എന്നിട്ട് ഇപ്പോൾ നിങ്ങൾ ആവിഷ്കരിച്ചതിനേക്കാൾ ചെലവു കുറഞ്ഞൊരു പദ്ധതി പ്രായോഗികമായി നടപ്പാക്കാൻ തുനിയുമ്പോൾ സാധ്യമല്ലെന്നു പറഞ്ഞ് ഇറങ്ങുകയാണ്. തിന്നുകയുമില്ല. തീറ്റിക്കുകയുമില്ല. ഇതാണ് യു.ഡി.എഫ്.

ഇതുതന്നെയാണ് ഗെയിൽ പൈപ്പ് ലൈനിനും കൂടംകുളം വൈദ്യുതി ലൈനിനും ദേശീയപാത വികസനത്തിനും യു.ഡി.എഫ് ഭരണത്തിനു കീഴിൽ സംഭവിച്ചത്. കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി യു.ഡി.എഫ് രാഷ്ട്രീയം മാറിയിരിക്കുന്നു.