പൂക്കാടിന്റെ അഭിമാനമായ നായിക് സുബേദാര്‍ എം. ശ്രീജിത്തിന് ശൗര്യചക്ര; അഭിമാനത്തോടെ കുടുംബവും നാട്ടുകാരും


കൊയിലാണ്ടി: പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ലഭിക്കുമ്പോള്‍ അത് കുടുംബാംഗങ്ങള്‍ക്കും നാടിനും അഭിമാന മുഹൂര്‍ത്തമായി. റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാണ് ശൗര്യചക്ര നല്‍കി രാജ്യം ശ്രീജിത്തിനെ ആദരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

ശ്രീജിത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട് പൂക്കാട് പടിഞ്ഞാറെ തറയിലെ മയൂരം വീട്ടില്‍ കുടുംബം ഒന്നിച്ചുകൂടി. ശ്രീജിത്തിന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച മണ്ഡപത്തിനു മുന്നില്‍ അച്ഛന്‍ വത്സനും അമ്മ ശോഭയും ഭാര്യ ഷജിനയും മക്കളായ അതുല്‍ജിത്തും തന്‍മയ ലക്ഷ്മിയും കണ്ണീരണിഞ്ഞു.

രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ നല്‍കിയ മകന്റെ പിതാവായതില്‍ അഭിമാനമുണ്ടെന്ന് ശ്രീജിത്തിന്റെ അച്ഛന്‍ വത്സന്‍ പറഞ്ഞു. രാജ്യം മകനെ ആദരിച്ചതില്‍ ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീരമൃത്യുവരിച്ച ഭര്‍ത്താവിന് ശൗര്യചക്ര ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഭാര്യ ഷജിനും പറഞ്ഞു.

2021 ജൂലൈ എട്ടിനാണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയില്‍ ശ്രീജിത്ത് വീരമൃത്യുവരിച്ചത്. നാല്‍പ്പത്തിരണ്ടാം വയസ്സിലാണ് ശ്രീജിത്ത് കണ്ണീരോര്‍മയായത്. സര്‍വീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടേതുള്‍പ്പെടെ 23 പുരസ്‌കാരങ്ങളും നേടിയിരുന്നു. ശത്രുസേനയുടെ മുനയൊടിക്കുന്നതില്‍ ശ്രീജിത്ത് എന്നും മുന്നിലായിരുന്നു. 20 വര്‍ഷം മുമ്പ് കന്യാകുമാരി സ്വദേശി ഡേവിഡ് രാജുവിനോടൊപ്പം ചേര്‍ന്ന് റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിച്ച് മൂന്ന് പാക് ഭീകരരെ അദ്ദേഹം വധിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യഭാഗമായുള്ള ഇന്ത്യന്‍ സൈനിക സംഘത്തില്‍ അംഗമായിരുന്നു. വീരമൃത്യുവരിക്കുന്നതിന് മുന്നുമാസം മുമ്പാണ് നായിബ് സുബേദാര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

രാജ്യരക്ഷക്കായി അദ്ദേഹം അനുഷ്ഠിച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റിപ്പബ്ലിക് ദിനത്തില്‍ ശൗര്യചക്രയെന്ന ഉന്നത സൈനിക ബഹുമതി നല്‍കാന്‍ രാഷ്ട്രീയം തീരുമാനിച്ചത്.

അതുല്‍ജിത്ത്, തന്മയ ലക്ഷ്മി എന്നിവരാണ് ശ്രീജിത്തിന്റെ മക്കള്‍. റാണിയും അനൂപും സഹോദരങ്ങളാണ്. ശ്രീജിത്തിന്റെ സ്മരണകള്‍ നിലനിര്‍ത്താനായി കുടുംബാംഗങ്ങള്‍ നിര്‍മിച്ച സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണം റിപ്പബ്ലിക് ദിനത്തില്‍ നടന്നു. രാവിലെ എട്ടുമണിക്ക് എന്‍.സി.സി. ജി.പി. കോഴിക്കോട് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് സ്മൃതിമണ്ഡപം സമര്‍പ്പിച്ചു.
[vote]