പയ്യോളി അയനിക്കാട് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചു; ഒഴിവായത് വന്‍ ദുരന്തം


പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് വൻ അപകടം. വാഹനവും സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. കാർ യാത്രക്കാർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പയ്യന്നൂരിൽ നിന്നും മലപ്പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്ന കാറിലാണ് ഇടിച്ചത്. യാത്രയ്ക്കിടയിൽ പോസ്റ്റ് ഓഫീസിന് സമീപത്തെ പള്ളിക്ക് മുന്നിൽ പ്രഭാത നമസ്‌കാരത്തിന് വേണ്ടി കാർ നിറുത്തിയതായിരുന്നു. നമസ്കാര സമയത്താണ് അപകടം നടന്നത്.

കൊച്ചിയിൽ നിന്നും സോളാപൂരിലേക്ക് പോകുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. വേറൊരു വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. ഇടി കൊണ്ട കാർ മുന്നോട്ടു തെറിച്ചു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞുവെന്നും വാഹനത്തിനു വലിയ തോതിൽ കേടുപാടുകളുണ്ടായെന്നും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ആളപായം സംഭവിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.