ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേം കുമാറിനെ നിയമിച്ചു


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേം കുമാറിനെ നിയമിച്ചു. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. മൂന്ന് വർഷ കാലത്തേക്കാണ് നിയമനം.

അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻ​ഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016 ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി.

മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.