കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്


കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

എതിര്‍ദിശയിലേക്ക് കയറിക്കൊണ്ടാണ് ബസ് മരത്തിലിടിക്കുന്നത്.ബസ് വരുന്നത് കണ്ട് സ്‌കൂള്‍ ബസിനായി കാത്തുനിന്ന കുട്ടികളുള്‍പ്പടെയുള്ളവരുമായി രക്ഷിതാക്കള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

ബസ് അപകടത്തില്‍പ്പെട്ടയുടനെ പ്രദേശത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അധികം വൈകാതെ തന്നെ പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് ചെറിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് പെട്ടെന്നുതന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.