കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 17 ലക്ഷം, നൈജീരിയക്കാരന്‍ പിടിയില്‍; വ്യാജ സിം കാര്‍ഡുകളും ലാപ് ടോപുകളും പിടിച്ചെടുത്തു


കല്‍പറ്റ: കാനഡയില്‍ ജോലിവിസ വാഗ്ദാനം ചെയ്ത് കല്‍പറ്റ സ്വദേശിനിയില്‍ നിന്നും 17ലക്ഷം തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി മോസസാണ് ബാംഗ്ലൂരില്‍ പിടിയിലായത്. വയനാട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മെഡിക്കല്‍ കോഡിങ്ങ് ജോലിക്കായി വിവിധ സൈറ്റുകളില്‍ പെണ്‍കുട്ടി അപേക്ഷകള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ഒരു വെബ് സൈറ്റില്‍ നിന്നും കുട്ടിയുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാനഡ വിസ ഏജന്‍സിയെന്ന്‌ പരിചയപ്പെടുത്തി വാട്‌സാപ്പും ഇ മെയിലും ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ സമീപിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കാനായി എമിഗ്രേഷന്‍ സൈറ്റില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തു. ശേഷം വിമാനടിക്കറ്റും ബുക്കും ചെയ്തു. തുടര്‍ന്ന് ഇതിനെല്ലാമായി 17 ലക്ഷത്തോളം രൂപ പെണ്‍കുട്ടിയില്‍ നിന്നും കൈപ്പറ്റി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെണ്‍കുട്ടി വയനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ വാട്‌സാപ്പ് ഉപയോഗിച്ച ഫോണിന്റെ ഐ.പി അഡ്രസ് പോലീസ് പിന്തുടര്‍ന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും സാധനം ബുക്ക് ചെയ്തത് പോലീസ് കണ്ടെത്തുകയും അതുവഴി ഇയാളുടെ കേന്ദ്രം മനസിലാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് മാസത്തോളം ഇയാളെ പിന്തുടര്‍ന്ന് പോലീസ് ബാഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

ഇയാളില്‍ നിന്നും 15 വ്യാജ സിംകാര്‍ഡുകള്‍, രണ്ട് ലാപ്‌ടോപ്, നാല്‌ മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. തട്ടിയെടുത്ത 17 ലക്ഷത്തില്‍ ആറുലക്ഷം പോലീസ് തിരിച്ചുപിടിച്ചു. ബാക്കിയുള്ള 11ലക്ഷം നൈജീരിയന്‍ അക്കൗണ്ടിലേക്കാണ് ഇയാള്‍ മാറ്റിയത്. വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന ഇയാള്‍ മാസത്തില്‍ ഒറ്റത്തവണയാണ് ഡി.ജെ പാര്‍ട്ടി സംഘടിപ്പിക്കുക. ബാക്കിയുള്ള സമയം ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇയാളുടെ ജോലിയെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.