ആനവണ്ടിയില്‍ മൂന്നാറിലേക്ക് ഒരടിപൊളി ട്രിപ്പിന് ഒരുങ്ങിക്കോളൂ; താമരശ്ശേരിയില്‍ നിന്ന് മൂന്നാറിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ട്രിപ്പിന് തുടക്കമായി- ചെലവും വിശദാംശങ്ങളും അറിയാം


താമരശ്ശേരി: മൂന്നാറിലേക്ക് യാത്ര പോകുവാന്‍ ഇനി അധികം ആലോചിക്കേണ്ട, വഴികാട്ടിയായും സുരക്ഷിതമായ യാത്രക്കായും കെ.എസ്.ആര്‍.ടി.സി ഉണ്ട്. വരുമാനവര്‍ധനയും വിനോദസഞ്ചാരവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച മൂന്നാര്‍ ടൂറിസം പദ്ധതിക്കാണ് താമരശ്ശേരി ഡിപ്പോയില്‍നിന്ന് ശനിയാഴ്ച തുടക്കമായത്.

മൂന്നാറിന്റെ മനോഹാരിത മുഴുവന്‍ നിങ്ങളിലേക്കെത്തിക്കാന്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് ആനവണ്ടി ഒരുങ്ങിയിരിക്കുന്നത്. ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, ഇക്കോ പോയന്റ് ഫിലിം ഷൂട്ടിങ് പോയന്റ്, മാട്ടുപ്പെട്ടി ഡാം, ടീ ഗാര്‍ഡന്‍ ഫോട്ടോ പോയന്റ് ഫോറസ്റ്റ് ഫ്‌ലവര്‍ഗാര്‍ഡന്‍ എന്നി എട്ടു കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനും സൗകര്യമുണ്ട്.

താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്‌മാന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഒന്‍പതു മണിയോടെ യാത്ര ആരംഭിച്ചു.

മൂന്നാര്‍ യാത്രയോടൊപ്പം തന്നെ പാലക്കാട് നെല്ലിയാമ്പതി, പൂക്കോട്-വനപര്‍വം-തുഷാരഗിരി ടൂറിസം പദ്ധതികളും ഒരുങ്ങിയിട്ടുണ്ട്. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജില്ലയിലെ ബജറ്റ് ടൂറിസം സര്‍വീസിന്റെ ഹബ്ബായി മാറും എന്നുള്ള പ്രതീക്ഷകളിലാണ് ഉദ്യോഗസ്ഥര്‍.

മൂന്നാറിലേക്കുള്ള എയര്‍ബസ് സര്‍വീസില്‍ ഒരു തവണ 39 പേര്‍ക്കാണ് അവസരം. വൈകുന്നേരം എഴുമണിയോടെയാണ് ബസ് മൂന്നാറിലെത്തുക. സന്ദര്‍ശകര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകം സജ്ജമാക്കിയ സ്ലീപ്പര്‍ ബസില്‍ അന്തിയുറങ്ങാം.

പിറ്റേന്ന് രാവിലെ ഒമ്പതുമുതല്‍ ബസില്‍ ടീ മ്യൂസിയത്തില്‍ നിന്ന് തുടങ്ങി ഫോറസ്റ്റ് ഫ്‌ളവര്‍ ഗാര്‍ഡന്‍ വരെയുള്ള കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാം. ഒരാള്‍ക്ക് 1750 രൂപയാണ് നിരക്ക്. ഭക്ഷണത്തിന്റെയും ടിക്കറ്റാവശ്യമുള്ള അഞ്ചുകേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കും യാത്രക്കാര്‍ വഹിക്കണം. രണ്ടുമണിക്കൂര്‍ ഷോപ്പിങ് സമയത്തിനുശേഷം വൈകുന്നേരം എഴുമണിക്ക് ബസ് മൂന്നാറില്‍ നിന്നും മടങ്ങും.