ദുരിത യാത്രാ മേഖലയായി മുത്താമ്പി-അണേല റോഡ്; ആശങ്കയിൽ നാട്ടുകാർ


കൊയിലാണ്ടി: സൂക്ഷിക്കണേ!! ഇതല്പം അപകട മേഖലയാണ്!! കൊയിലാണ്ടി നഗരസഭയിലെ പത്തൊൻപതാം വാർഡിലെ മുത്താമ്പി – അണേല റോഡിൽ വാഹനവുമായി ആദ്യമായി എത്തുന്നവർക്ക് ഇത്തരത്തിലൊരു ജാഗ്രത ബോർഡ് വയ്‌ക്കേണ്ട അവസ്ഥയാണ്. പതിവ് യാത്രക്കാർക്ക് ഇവിടം അന്ത്യമില്ലാത്ത ദുരിത യാത്രാ മേഖലയും.

നിരവധി യാത്രക്കാർ ദിവസേനെ യാത്ര ചെയ്യുന്ന മുത്താമ്പി മുതല്‍ അണേല വരെയുളള രണ്ട് കി.മീറ്റര്‍ ദൂരത്തിലുളള റോഡ് യാത്ര ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട് റോഡുതന്നെ ഇല്ലാത്ത അവസ്ഥയുമുണ്ട് ഓട്ടോറിക്ഷക്കാരാരും ഇതുവഴി വരാൻ തയ്യാറല്ല.

പ്രധാന പ്രശ്നം, അണേല ഭാഗത്ത് നിന്ന് മുത്താമ്പി ഭാഗത്തേക്ക് എത്താനുളള ഏക പാതയാണിത് എന്നതാണ്. ദുരിത പാതയായി ഇവിടം മാറുമ്പോഴും യാത്രക്കാർക്ക് ഈ റോഡിനെ ആശ്രയിച്ചേ മതിയാകു എന്ന അവസ്ഥയാണ്.

കീഴരിയൂര്‍ ഒറോക്കുന്ന പോലീസ് റൂറല്‍ ക്യാമ്പിലേക്ക് താമരശ്ശേരി,ബാലുശ്ശേരി ഭാഗത്ത് നിന്നുള്ളവർ തീപ്പെട്ടികമ്പനി അണേല റോഡു വഴി വരാനും ഈ പാത മാത്രമാണുള്ളത്. പണിയുവാനായി കാലതാമസം ഏറെ എടുക്കുമെങ്കിലും അതിവേഗം പൊട്ടിപൊളിയുന്ന അവസ്ഥയിലാണ് റോഡുകൾ. ഈ ദുരിതം എന്ന് മാറുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നാളുകളായി ഇതിനൊരു പരിഹാരമുണ്ടായില്ല എന്ന വിഷമവും അവർ പങ്കിടുന്നു.

റോഡ് നന്നാക്കുവാനായി പണം അനുവദിച്ചിട്ടുണ്ടെങ്കിലും, യാതൊരു വിധ നിർമ്മാണവും ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ റോഡ് വികസന നിധിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നിർമ്മാണ പ്രവർത്തനം തുടങ്ങാന്‍ കരാറുകാറുമായി ഉടമ്പടി ഒപ്പിട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാനും,വാര്‍ഡ് കൗണ്‍സിലറുമായ കെ.എ.ഇന്ദിര പറഞ്ഞു.