ഷംസുക്കയുടെ മീന്‍ തേടി 15 കിലോമീറ്റര്‍ അകലെ നിന്ന് വരെ ആളുകള്‍ എത്തും; ചക്കോരത്ത്കുളം വെറൈറ്റി മീന്‍ കച്ചവടം, ഷംസുക്കയും അള് ചില്ലറക്കാരനല്ല


കോഴിക്കോട്: ‘കിലോമീറ്റേഴ്സ്‌ ആൻഡ് കിലോമീറ്റേഴ്സ്‌’ എന്ന സിനിമ സംഭാഷണമാണ് ചക്കോരത്ത്കുളത്ത് ഷംസുക്കയുടെ മീൻകടയെ പറ്റി പറയുമ്പോൾ നാട്ടുകാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഈ മീൻ കടയുടെ മുൻപിലെ നീണ്ട ക്യുവാണു ചക്കോരത്ത്കുളം ഗ്രാമത്തിന്റെ കാലങ്ങളായുള്ള കണി, അതും കിലോമീറ്ററുകൾ താണ്ടി മീൻ വാങ്ങാനായി എത്തിയ ആളുകളും.

മീൻകച്ചവടം തുടങ്ങിയ കാലം തൊട്ടേ ‘ഗുണം മെച്ചം വില തുച്ഛം’ എന്ന ആപ്ത വാക്യം ഉയർത്തിയാണ് ഷംസുക്ക മുന്നോട്ടു പോകുന്നത്. അതിനാൽ വളരെ പെട്ടന്ന് തന്നെ ഇക്ക നാട്ടുകാരുടെ പ്രിയപ്പെട്ടവനായി.

‘ഇരുപത്തിയേഴു കൊല്ലമായി വരുന്ന കസ്റ്റമേഴ്സ് ആണ്, അവരെ പറ്റിക്കാൻ പാടില്ല. അവരാണ് അന്നും എന്നും എന്റെ വിജയം.’ കൊള്ള ലാഭം തന്റെ നിഘണ്ടുവിൽ ചേർക്കാത്തതിനെ പറ്റി ഷംസുക്ക പറയുന്നത് ഇതാണ്. അതുമാത്രമല്ല എന്ന് മാത്രമല്ല ആവശ്യക്കാർക്ക് കടം കൊടുക്കാനും ഷംസു തയ്യാറാണ്.

‘ഇരുപത് വർഷത്തിലധികമായി ഞാൻ ഇവിടെ നിന്നാണ് മീൻ വാങ്ങിക്കുന്നത്. മീനുകളെല്ലാം ഫ്രെഷാണ്. ഇവിടെ നിന്ന് വാങ്ങുമ്പോൾ നല്ല ലാഭവുമാണ്. വിശ്വാസം എന്നാൽ ഞങ്ങൾക്ക് ഷംസുക്കയാണ്. ഫോർമാലിനൊന്നും ചേർക്കാത്ത നല്ല മീനുകളാണ് ഞങ്ങൾക്ക് കിട്ടുന്നത്. ഇക്കയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്.’ ഷംസുവിനെ പറ്റി കടയിൽ നിന്ന് സ്ഥിരം സാധനം വാങ്ങാനെത്തുന്നവർക്കു ഷംസുവിനെ പറ്റി പറയുമ്പോൾ നൂറു നാവ്.

ഷംസുവിന്റെ കടയിൽ നിന്ന് മീൻവാങ്ങാനായി 15 കിലോമീറ്ററിലധികം ദൂരത്തു നിന്ന് ദിനവും ആളുകളെത്താറുണ്ട്. ‘ഇത്രയും വില കുറച്ച് നല്ല മീൻ കിട്ടുമ്പോൾ പതിനഞ്ച് കിലോമീറ്ററൊക്കെ ഒരു ദൂരമാണോ’ എന്നാണ് അവർ ചോദിക്കുന്നത്.

വെള്ളയിൽ, പുതിയാപ്പ, ബേപ്പൂർ എന്നി ഹാർബറുകളിൽ നിന്നാണ് കടയിലേക്ക് മീൻ എത്തിക്കുന്നത്. സഹായിക്കാനായി സുഹൃത്ത് ശിവാനന്ദനും ഒപ്പമുണ്ട്. വളരെ തുച്ഛമായ ലാഭമാണ് കടയിൽ നിന്ന് ലഭിക്കുന്നതെങ്കിലും മക്കളുടെ പഠനത്തിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും ഷംസു തയ്യാറായിരുന്നില്ല. അവരെ പഠിപ്പിച്ച് ഡോക്ടർമാരാക്കി.

അങ്ങനെ നാട്ടിലും വീട്ടിലുമെല്ലാം ഷംസു അസ്സൽ സ്റ്റാറാണ്. സമ്പാദ്യമധികമില്ലെങ്കിലും കൊള്ള ലാഭമെടുക്കാതെ സഹായിക്കാൻ മനസ്സുള്ള റിയൽ സ്റ്റാർ. ഷംസുക്കയെയും ഇക്കയുടെ കടയെ തേടിയും കേട്ടറിഞ്ഞ് സ്ഥിരം പതിവുകാരോടൊപ്പം പുതിയ ആളുകളും ദിനംപ്രതി ഇവിടെ എത്താറുണ്ട്.

[vote]