വി.എസ് അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി


തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി. എസ്. അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി മകന്‍ അരുണ്‍കുമാര്‍ വി. എ. അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വി. എസിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

വി.എ അരുണ്‍കുമാറിന്റെ കുറിപ്പ്:

”മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവായി,” അരുണ്‍കുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 46387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടി.പി.ആര്‍ 40.21 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
[vote]