മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍


കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മാരക ഇനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി നല്ലളം സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. നിറംനിലംവയല്‍ മുഹിന്‍ സുഹാലിഹ് (26) ആണ് പിടിയിലായത്. നല്ലളം ശാരദാമന്ദിരത്തില്‍ വെച്ച് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സിറ്റി ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്), നല്ലളം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.അഷ്‌റഫും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്ഗായ ക്രിസ്റ്റല്‍ രൂപത്തിലുളള 4.530 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ ഡന്‍സാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്കുളള ലഹരിമരുന്നിന്റെ വ്യാപനം തടയുന്നതിനായി സിറ്റി പോലീസ് ചീഫ് ഡിഐജി എ.വി.ജോര്‍ജ്ജ് ഐ.പി.എസ് ഡന്‍സാഫ് അംഗങ്ങള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം അന്‍പത് കിലോയോളം കഞ്ചാവുമായി യുവാവിനെ ഡന്‍സാഫിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയിരുന്നു.

എം.ഡി.എം.എ യുടെ മിതമായ ഡോസുകള്‍ വരെ ശരീര താപനിലയെ അമിതമായി വര്‍ദ്ധിപ്പിക്കുമെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം, തലച്ചോറിന്റെല മാരകമായ വീക്കത്തിനും കാരണമാകും. പതിവായി ഉപയോഗിക്കുന്നയാളിന്റെ ഹൃദയത്തിന്റെ പമ്പിംഗ് കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും.

വളരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍. സിന്തറ്റിക് ഡ്രഗ്ഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തുക്കള്‍ എക്സ്റ്റസി, എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും നാര്‍ക്കോട്ടിക് സെല്‍ എ.സി.പി സുനില്‍കുമാര്‍ പറഞ്ഞു.

കൂടുതല്‍ നേരം ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ കോഴിക്കോട് എത്തിച്ചതെന്നും നല്ലളം ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് പറഞ്ഞു.

നല്ലളം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.അഷ്‌റഫ്, എം.കെ.സലീം, സീനിയര്‍ സിപിഒ ദീപ്തി ലാല്‍, ഡ്രൈവര്‍ സി.പി.ഒ അരുണ്‍ഘോഷ്, ഹോം ഗാര്‍ഡ് വിജയകൃഷ്ണന്‍, ഡന്‍സാഫ് അംഗങ്ങളായ എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ.എ.ജോമോന്‍, എം.ജിനേഷ് എന്നിവരും സംഘത്തിലുള്‍പ്പെടുന്നു.