ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പൺ; രക്ഷിതാക്കൾക്ക് സപ്ലൈകോയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യസാന്ദ്രതാ അലവൻസായി കിറ്റുകൾക്ക് പകരം ഭക്ഷ്യകൂപ്പണുകൾ നൽകാൻ ഉത്തരവായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി ലഭിക്കും.
സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യുന്ന കൂപ്പണുകളുമായി രക്ഷാകർത്താക്കൾക്ക് സപ്ലൈകോ വിൽപനശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉടൻ തന്നെ കൂപ്പണുകൾ തയാറാക്കി സ്കൂളുകളിലെത്തിക്കും. കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് റേഷൻ കാർഡിന്റെ നമ്പർ കൂടി സ്കൂൾതലത്തിൽ കൂപ്പണിൽ രേഖപ്പെടുത്തും.
കോവിഡ് സാഹചര്യത്തിൽ റേഷൻ കാർഡുടമകൾക്കായി ഭക്ഷ്യകിറ്റ് തയാറാക്കേണ്ട ചുമതലയുള്ളതിനാൽ വിദ്യാർഥികൾക്കുള്ള കിറ്റ് തയാറാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പുതിയ സംവിധാനം വിദ്യാഭ്യാസവകുപ്പ് ഒരുക്കിയത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗം കുട്ടികൾക്കുള്ള ഭക്ഷ്യ അലവൻസ് 300 രൂപക്കും അപ്പർപ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപക്കും സാധനം വാങ്ങാം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക