ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇ.എല്‍.സി.ബി സ്ഥാപിച്ച് നല്‍കുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ക്വട്ടേഷന്‍

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ക്ലാസ് റൂമുകളിലേക്കും ലാബുകളിലേക്കും ആവശ്യമായ ട്യൂബ് ലൈറ്റ് സെറ്റ്, എല്‍ഇഡി ബള്‍ബ്, ഫ്ളൂറസെന്റ് ട്യൂബ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 11 ഉച്ചക്ക് 2 മണി. അന്നേദിവസം 2.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2383220, 0495 2383210

ടെണ്ടര്‍

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 2022 മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ അഴുക്ക് തുണികള്‍ അലക്കി ഉണക്കി വൃത്തിയാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26 ഉച്ചക്ക് 1 മണി. അന്നേദിവസം 3 മണിക്ക് ടെണ്ടര്‍ തുറക്കും.

പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 18നും 33 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 28 രാവിലെ 11 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി എത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2800276.

എസ് എച്ച് തെറ്റിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

അത്തോളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചെലവിൽ അഞ്ചാം വാർഡിൽ നിർമ്മിച്ച എസ് എച്ച് തെറ്റിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ എം വേലായുധൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ സന്ദീപ് നാലുപുരക്കൽ, ഹുസൈൻ കോടശ്ശേരി എന്നിവർ ആശംസകൾ നേർന്നു. സി എം സത്യൻ നന്ദി പറഞ്ഞു.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇഎല്‍സിബി സ്ഥാപിച്ച് നല്‍കുന്നു

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇഎല്‍സിബി -എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍- സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കുന്നത്. കെ എസ് ഇ ബി മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് ദാരിദ്ര്യരേഖക്ക് താഴെയുള്ള വൈദ്യുതി ഉപയോക്താക്കളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് അതാത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായി എംഎല്‍എ പി.ടി.എ റഹീം അറിയിച്ചു.

നാദാപുരം ബൈപാസിനായി സ്ഥലം അളന്നു കുറ്റിയടിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന നാദാപുരം ബൈപാസ്സ് റോഡിന്റെ വീതി കൂട്ടുന്നതിന് സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കുന്ന സ്ഥലം അളന്നു കുറ്റിയടിച്ചു. നിലവില്‍ നാലുമീറ്റര്‍ വീതിയുള്ള നാദാപുരം പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പൂച്ചാക്കൂല്‍ പള്ളി വരെയുള്ള ഭാഗം 19 ലക്ഷം രൂപ ചെലവില്‍ 7 മീറ്റര്‍ വീതിയിലാണ് ബൈപാസ്സായി നിര്‍മ്മിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി കുറ്റിയടിച്ചു. ലക്ഷങ്ങള്‍ വില വരുന്ന സ്ഥലമാണ് ഭൂവുടമകള്‍ നാടിന്റെ വികസനത്തിനായി വിട്ടു നല്‍കുന്നതെന്നും ഇത് മാതൃകാപരമാണെന്നും പ്രസിഡന്റ് പറഞ്ഞു. വില്ലേജ് ഓഫീസര്‍ ഉമേഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഹാരിസ് മാതോട്ടത്തില്‍, റോഡ് വികസന സമിതി ഭാരവാഹികളായ ഒ.പി അബ്ദുല്ല, കരയത്ത് ഹമീദ് ഹാജി, ടി.കെ റഫീഖ് , കെ.കെ നൗഫല്‍, അന്ത്രുഹാജി റൊട്ടാന, മൊയ്തുഹാജി കരിച്ചേരി, ഫൈസല്‍ പൂമാല, കുഞ്ഞാലി താവത്ത്, ഹാരിസ് താവത്ത്, അയിഷു പുതിയോട്ടില്‍, ജയേഷ് അങ്ങാടിപ്പുറത്ത്, കരീം വലിയകണ്ണോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

നാദാപുരം പഞ്ചായത്തിലെ അഞ്ച് റോഡുകള്‍ ഉദ്ഘാടനം ചെയ്തു.

നാദാപുരം ഗ്രാമപഞ്ചായത്തില്‍ 38 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അഞ്ച് റോഡുകള്‍ പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആറാം വാര്‍ഡിലെ കോരനാണ്ടി-കേളോത്ത് പാലം റോഡ്, ഇരുപതാം വാര്‍ഡിലെ പുളീനാണ്ടി-മാണിക്കോത്ത് റോഡ് , കൊടുവേരി-കണ്ണനാണ്ടി റോഡ്, പതിനൊന്നാം വാര്‍ഡിലെ മുന്നൂറ്റാം പറമ്പ് അമ്പലം-നായിച്ചാംകണ്ടി റോഡ്, കാട്ടാല ക്ഷേത്രം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, റീന കിണമ്പറേമ്മല്‍, പഞ്ചായത്ത് അംഗങ്ങളായ സി.ടി.കെ സമീറ , പി.പി ബാലകൃഷ്ണന്‍, സുമയ്യ പാട്ടത്തില്‍, സി. ആര്‍ ആയിഷ ഗഫൂര്‍, സുനിത, ബംഗ്ലത്ത് മുഹമ്മദ്, ഇ.സി ഇബ്രാഹിം ഹാജി, കാസിം കുന്നുമ്മല്‍, പി.കെ ഉമേഷ്, കെ.കെ അനില്‍, കെ.കെ അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

നൂറുദിന കര്‍മ്മപരിപാടി: പൊതുവിതരണ വകുപ്പിനു കീഴിലെ ഓഫീസുകള്‍ സുതാര്യവും കാര്യക്ഷമവുമാക്കും

സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലെ മുഴുവന്‍ ഓഫീസുകളിലും അദാലത്ത് നടത്തി ഓഡിറ്റ് ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 21 രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സജിത്ബാബു നിര്‍വഹിക്കും.

ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് ടീം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലുള്ള ജില്ലയിലെ 9 ഓഫീസുകളിലേയും 31.03.2021 വരെയുള്ള മുഴുവന്‍ ഫയലുകളും രജിസ്റ്ററുകളും ഓഡിറ്റ് നടത്തി ക്രമീകരിക്കും. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ഓഫീസ് പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കുകയുമാണ് ഓഡിറ്റുകൊണ്ട് ലക്ഷ്യമിടുന്നത്.

 തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വാസു അമ്പലകുന്നിനും ചടങ്ങില്‍ ഉപഹാരം നല്‍കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിച്ച ചക്കിട്ടപാറയിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശോഭ പട്ടാണിക്കുന്നിനെയും ആദരിച്ചു.

പോരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം.കുഞ്ഞമ്മദ് മാസ്റ്റര്‍ നവകേരള പദ്ധതിയെകുറിച്ച് പ്രഭാഷണം നടത്തി. എസ്.കെ അസൈനാര്‍, എ.കെ ചന്ദ്രന്‍ മാസ്റ്റര്‍, കിഴക്കയില്‍ ബാലന്‍, പേരാമ്പ്ര പഞ്ചായത്തു പ്രസിഡന്റ് വി.കെ പ്രമോദ്, ചക്കിട്ടപാറ പഞ്ചായത്തു പ്രസിഡന്റ് കെ. സുനില്‍, കെ.കെ ബിന്ദു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി പി.വി. ബേബി നന്ദിയും പറഞ്ഞു.

ഡെങ്കിപ്പനി വിരുദ്ധ മാസാചരണവും ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിനും നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസും കോര്‍പ്പറേഷനും സംയുക്തമായി ഡെങ്കിപ്പനി വിരുദ്ധ മാസാചാരണവും ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിനും നടത്തി. മാങ്കാവ് നഗര ആരോഗ്യ കേന്ദ്രത്തില്‍ ആശ, ആര്‍ആര്‍ടി, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ‘പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ സാമൂഹിക പങ്കാളിത്തം’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഓമന മധു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുകയും പകല്‍ സമയത്ത് കടിക്കുകയും ചെയ്യുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്നത്. റഫ്രജിറേറ്ററിന്റെ ട്രേയടക്കം വീടിനുള്ളിലും പുറത്തുമായി അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കളിലും ഉപയോഗിക്കാത്ത ക്ലോസറ്റുകളിലും മരപ്പൊത്തുകളിലും വെള്ളം ചെറിയ അളവില്‍ പോലും കെട്ടിക്കിടക്കുന്ന മറ്റു വസ്തുക്കളിലുമെല്ലാം ഇവ മുട്ടയിട്ട് പെരുകുന്നു.

പെട്ടെന്നുള്ള കഠിനമായ പനി, അസഹനീയമായ തലവേദന, കണ്ണിനു പിന്നില്‍ വേദന, പേശീവേദന, മുഖത്തും നെഞ്ചിലുമുള്ള തിണര്‍പ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കൊതുകുകളുടെ ഉറവിടങ്ങള്‍ ഓരോ ആഴ്ചയിലും നശിപ്പിക്കുകയാണ് ഡെങ്കിപ്പനി തടയാനുള്ള മാര്‍ഗം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആശുപത്രിയിലെത്തി ചികിത്സ തേടണം. ലേപനങ്ങള്‍, കൊതുകുവല, കൊതുകുതിരി തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊതുക് കടിയേല്‍ക്കാതെ നോക്കണം. കുളങ്ങളിലും മറ്റും ഗപ്പി, ഗം പൂസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തിയും കൊതുകുകളെ നിയന്ത്രിക്കാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രാധാന്യത്തോടെ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണം.

ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഡോ കെ.കെ. ഷിനി, ഉപജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ കെ എം മുസ്തഫ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് മിനു എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. റിജു എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നഗര പ്രാഥമികാരോഗ്യം മെഡിക്കല്‍ ഓഫീസര്‍ ഡോ അഖില്‍, എ ഡി എസ് ചെയര്‍പേഴ്സണ്‍ അംബുജം , ഡിവിഷന്‍ കണ്‍വീനര്‍ ഗംഗാധരന്‍ മുല്ലശ്ശേരി, ജെപിഎച്ച്എന്‍മാരായ ടി. സുബൈദ, കവിത, വി ബി ഡി കണ്‍സല്‍ട്ടന്റ് അക്ഷയ, ആര്‍ആര്‍ടി പ്രതിനിധികളായ റഷീദ്, ജിനീഷ് എന്നിവര്‍ സംസാരിച്ചു. 34-ാം ഡിവിഷനു കീഴിലെ വീടുകളില്‍ കൊതുകുകളുടെ ഉറവിട നശീകരണവും വെക്ടര്‍ സര്‍വെയും ബോധവല്‍ക്കരണ ലഘുലേഖാ വിതരണവും നടത്തി.