പാലക്കാട് ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചവരിൽ കൂരാച്ചുണ്ട് നിന്നുള്ള അമീൻ റെസ്ക്യൂ ടീമും


കൂരാച്ചുണ്ട് : ഒട്ടേറെയിടങ്ങളിൽ ദുരന്തവേളയിൽ രക്ഷാപ്രവർത്തനം നടത്തിയ അമീൻ റസ്ക്യൂ ടീം മലയോരമേഖലയായ കൂരാച്ചുണ്ടിന്റെ അഭിമാനമായിമാറുകയാണ്. ഇത്തവണ പാലക്കാട് ചേറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിക്കാനും ടീമിന് കഴിഞ്ഞു.

കോഴിക്കോട് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ടീം പാലക്കാട്ടേക്ക്‌ പുറപ്പെട്ടത്. മലകയറ്റത്തിനായി റോപ്പ്, ജനറേറ്റർ, പാറ തുളയ്ക്കാനുള്ള മെഷീനുകൾ, ക്യാമറ തുടങ്ങി ദുരന്തനിവാരണ ഉപകരണങ്ങളുമായി ടീം മലയിലെത്തിച്ചേർന്നപ്പോഴേക്കും ഇന്ത്യൻ ആർമി ബാബുവിനെ രക്ഷിച്ചിരുന്നു.

പാറമുകളിൽ എത്തിച്ചേർന്നപ്പോൾതന്നെ ബാബുവിന് ഇന്ത്യൻ ആർമി കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന ആശ്വാസകരമായ കാഴ്ചയാണ് തങ്ങൾ കണ്ടതെന്ന് അമീൻ റസ്ക്യൂ ടീം പരിശീലകൻ ബിജു കക്കയം പറഞ്ഞു. ക്യാപ്റ്റൻ ഓണാട്ട് സാദിഖ്, പത്രോസ്, സിറാജ്, റിനോജ്, ഷമീർ, മുഹമ്മദ് അലി, അൻസാർ, ഷറഫ്, അമ്മദ്, ലത്തീഫ്, നിയാസ് എന്നിവരായിരുന്നു സംഘാംഗങ്ങൾ.

സാഹസിക ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ ടീം നിലവിൽ എട്ട് ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നുണ്ട്. ഏത് ദുരന്തമേഖലയിലും കൈമെയ് മറന്ന് രക്ഷകരാകാനുള്ള മനസ്സാണ് തങ്ങളുടെ ധൈര്യവും ശക്തിയുമെന്ന് ടീമംഗങ്ങൾ ഒന്നടങ്കം പറയുന്നു.