പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 18 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ മാനേജ്‌മെന്റ് ബിരുദമോ ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമയോ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. എന്‍ടിസി/ എന്‍എസി ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0495 2415040

സൗരോര്‍ജ നൈപുണ്യ പരിശീലനപരിപാടി: അപേക്ഷ ക്ഷണിച്ചു

ഇലക്ട്രീഷ്യന്മാര്‍ക്കായുള്ള രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായം 18നും 60നും മധ്യേ ആയിരിക്കണം. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റീസ് ഇലക്ട്രിഷന്‍ ട്രേഡില്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9188119431

പി.എസ്.സി. അറിയിപ്പുകള്‍

1) കോഴിക്കോട് ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം കാറ്റഗറി നമ്പര്‍: 516 / 2019 തസ്തികയ്ക്കായി 10.8.2021 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയ്ക്ക് 8.2.2022 ന് കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

2) കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എല്‍.ഡി.വി – എസ്.സി എസ്.ടി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് – കാറ്റഗറി നമ്പര്‍ 074 /2020 ) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 18.01.2022ന് നിലവില്‍വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വനിതാകമ്മീഷന്‍ മെഗാ അദാലത്ത്

കേരള വനിതാ കമ്മീഷന്‍ ഫെബ്രുവരി 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് നടത്തും.

പുനര്‍ലേലം

കോഴിക്കോട് റോഡ്‌സ് സെക്ഷനിലെ കുന്ദമംഗലത്തിന് കീഴിലുള്ള ചാത്തമംഗലം-വേങ്ങേരിമഠം-പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചുവന്ന മണ്ണിന്റെ പുനര്‍ലേലം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04952724727

1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത പൂര്‍വി, പശ്ചിമി സ്റ്റാര്‍ മെഡലുകള്‍ കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ആര്‍മി ശേഖരിക്കുന്നു. വിമുക്തഭടന്മാര്‍ ആര്‍മി നമ്പര്‍, റാങ്ക്, റെജിമെന്റ്, സര്‍വീസ് ചെയ്ത വര്‍ഷം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഫെബ്രുവരി 18ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം.

പട്ടികജാതി – പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള

തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവാകേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്, മെഡിക്കല്‍ കോഡിങ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍, ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ. ഇന്റേണ്‍സ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ തസ്തികകളിളിലാണ് ഒഴിവുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളുണ്ട്. പ്രായപരിധി 30 വയസ്. മാര്‍ച്ച് 3ന് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തും. ഡിഗ്രിയോ അതിനുമുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27നകം https://bit.ly/3uUy5I6 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2332113, 8304009409

സ്പോട്ട് അഡ്മിഷന്‍

2021-23 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയം – മെറിറ്റ് – വിഭാഗം സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 19ന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രജിസ്ട്രേഷന്‍ 10 മണി മുതല്‍ 10.30 വരെ. വിവരങ്ങള്‍ക്ക്: www.kozhikodedde.in ഫോണ്‍: 0495 2722297 ഇ-മെയില്‍: [email protected]

പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിയായ നെവില്‍ നോബിള്‍ ഒന്നാം സമ്മാനം നേടി. കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജിലെ അര്‍ഷാദ് ഖാന്‍ രണ്ടും കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ നൂമാന്‍ ഷിബിലി മൂന്നും സ്ഥാനങ്ങള്‍ നേടി.

അറിയിപ്പ്

മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം റേഷന്‍ കടകളില്‍ മുന്‍കൂറായി സൂക്ഷിക്കേണ്ടതിനാല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച റേഷന്‍വിഹിതം ഫെബ്രുവരി 20-നകം വാങ്ങി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തളിര് – പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

സബ്ജില്ലാ തലത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും എ.ഇ.ഒയും സംയുക്തമായി ‘തളിര് ‘ പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ പിള്ള പെരുവണ്ണ ജി.എല്‍.പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പും നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് വി.പി സുധീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സുധീര്‍ രാജ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.യു ശ്രീജിത്ത്, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, വാര്‍ഡ് മെമ്പര്‍ വിനിഷ ദിനേശ്, കൃഷി ഓഫീസര്‍ ജിജോ, എം.പി.ടി.എ പ്രസിഡന്റ് ജിമിലി, ഷിബു മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ അരുണ്‍ രമേശ്, പി.കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തി

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തി. പേരാമ്പ്ര ബ്ലോക്കിന് കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നായി ലഭിച്ച 15 പരാതികള്‍ പരിശോധിച്ചു. വേതനം ലഭിക്കുന്നതിലെ കാലതാമസം, 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ തുടങ്ങിയ പരാതികളാണ് ലഭിച്ചത്.

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് വേതനം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഓംബുഡ്സ്മാന്‍ പറഞ്ഞു. 100 തൊഴില്‍ ദിനം ലഭിക്കുന്നതില്‍ ചിലര്‍ക്ക് വരുന്ന സാങ്കേതിക തടസ്സം സംസ്ഥാന മിഷന്റെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് സുതാര്യവും ഫലപ്രദവമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.