ഗതാഗതക്കുരുക്കില്‍പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍


വടകര: രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍. റോഡിലെ ഗതാഗതക്കുരുക്ക് കാരണം വഴിയില്ലാതെ കഷ്ടപ്പെട്ട ആംബുലന്‍സിന്റെ മുന്നിലൂടെ രണ്ട് കിലോമീറ്റര്‍ ഓടിയാണ് വൈശാഖ് തടസ്സമില്ലാതെ ആംബുലന്‍സിനെ കടത്തി വിടുന്നത്. കൊവിഡ് രോഗിയുമായി വന്ന് ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിനും പിന്നിലുണ്ടായിരുന്ന ആംബുലന്‍സുകള്‍ക്കും വഴിയൊരുക്കണെയെന്ന യാചനയുമായാണ് വൈശാഖ് വാഹനഹങ്ങള്‍ക്കിടയിലൂടെ ഓടിയത്.

എടച്ചേരിയില്‍ നിന്ന് കൊവിഡ് രോഗിയുമായി കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് വെങ്ങളം ട്രാഫിക് ജംങ്ഷനില്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. ഇതിന് പിന്നില്‍ ഐസിയു സംവിധാനമുള്‍പ്പെടെയുള്ള ആംബുലന്‍സുകളുമുണ്ടായിരുന്നു. ഗതാഗത ക്കുരുക്കിനെ തുടര്‍ന്ന് മൂന്നും നാലും നിരയായി റോഡില്‍ വാഹനങ്ങള്‍ നിലയുറപ്പിച്ചിരന്നു. ഇതിനെ മറികടന്ന് പോകാന്‍ ആംബുലന്‍സുകള്‍ക്കായില്ല. ഈ സമയത്താണ് ആംബുലന്‍സിന് മുന്നിലേക്ക് കടന്നുവന്ന് റോഡിലൂടെ വൈശാഖ് ഓടാന്‍ തുടങ്ങിയത്. ഓരോ വാഹനത്തിലും തട്ടി ആംബുലന്‍സ് പിന്നിലുണ്ടെന്ന കാര്യം ഓര്‍മിപ്പിച്ചു. മറ്റു ഡ്രൈവര്‍മാരും വൈശാഖിന്റെ നിര്‍ദേശമനുസരിച്ചതോടെ ആംബുലന്‍സിന് കടന്നുപോകാനായി.

വെങ്ങളം ട്രാഫിക് ജംങ്ഷന്‍ മുതല്‍ രണ്ടു കിലോമീറ്റര്‍ ദുരമാണ് ആംബുലന്‍സുകളെ കടത്തിവിടാന്‍ വൈശാഖ് ഓടിയത്. ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫ് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ഈ ചെറുപ്പക്കാരന്റെ മിടുക്ക് ലോകമറിഞ്ഞത്. ദിപയ്‌ക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ലിജേഷാണ് ദൃശ്യം പകര്‍ത്തിയത്. കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്‌ഐ തൂണേരി മേഖല വൈസ് പ്രസിഡന്റാണ് വൈശാഖ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക