കോൺഗ്രസ് വിട്ടത് ലീഡർ കരുണാകരനൊപ്പം, തിരികെ എത്തിയത് കെ.മുരളീധരനൊപ്പം; ജില്ലയിൽ കോൺഗ്രസിന്റെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ


കൊയിലാണ്ടി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണി നടത്തിയത്. തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ ഡി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ടത് കീഴരിയൂര്‍ സ്വദേശിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കെ.പ്രവീണ്‍ കുമാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ജില്ലയിലെ കോണ്‍ഗ്രസ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തിലാണ് പ്രവീണ്‍കുമാര്‍ മത്സരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് നാലായിരത്തോളം വോട്ടിന് പരാജയപ്പെടുകയായിരുന്നു. നേരത്തേ 2016 ലെ തെരഞ്ഞെടുപ്പിലും നാദാപുരത്ത് നിന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2021 ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള പുതിയ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.

കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പോലെ കലാലയ രാഷ്ട്രീയത്തിലൂടെ തന്നെയാണ് പ്രവീണ്‍ കുമാറും രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. പലര്‍ക്കും ഒരുപക്ഷേ വിശ്വസിക്കാനാകില്ല, അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് എന്തുകൊണ്ടാണ് എസ്.എഫ്.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയതെന്ന് അറിയാന്‍ വായനക്കാര്‍ക്ക് ആകാംക്ഷയുണ്ടാകും. അത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

പ്രീഡിഗ്രി പഠനകാലത്താണ് അദ്ദേഹം എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. എന്നാല്‍ ഒന്നിലേറെ കാരണങ്ങളാല്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയായിരുന്നു. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയമാണ് തന്നെ അവിടെ നിന്ന് കോണ്‍ഗ്രസിലെത്തിച്ചതിന് പ്രധാന കാരണമെന്ന് പ്രവീണ്‍ കുമാര്‍ പറയുന്നു. കൂടാതെ ഭൗതികവാദത്തോടുള്ള വിയോജിപ്പ്, വിശ്വാസി എന്ന നിലയില്‍ എസ്.എഫ്.ഐയോടുള്ള വിയോജിപ്പ്, മറ്റ് ചില അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവയും എസ്.എഫ്.ഐയില്‍ നിന്ന് അകലാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് കെ.എസ്.യുവിലെത്തിയ അദ്ദേഹം കൊയിലാണ്ടി കോളേജിലെ മാഗസിന്‍ എഡിറ്ററും മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ നിന്ന് യു.യു.സിയുമായി. കാലിക്കറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി, കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സംഘടനാ ചുമതലകള്‍ വഹിച്ചു.

ലീഡര്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിവിട്ട പ്രമുഖ നേതാക്കളിലൊരാളാണ് പ്രവീണ്‍കുമാര്‍. പിന്നീട് എന്‍.സി.പിയിലും തുടര്‍ന്ന് മുരളീധരനൊപ്പം 2010 ല്‍ തിരികെ കോണ്‍ഗ്രസിലേക്കും എത്തി. 2012 ല്‍ അദ്ദേഹം കെ.പി.സി.സി സെക്രട്ടറിയായി. ഇതിന് ശേഷമാണ് 2016 ല്‍ നാദാപുരത്ത് മത്സരിക്കാന്‍ അവസരം കിട്ടുന്നത്. അന്നത്തെ പരാജയത്തിന് ശേഷം അഞ്ച് വര്‍ഷം നാദാപുരം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 2020 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് വീണ്ടും മത്സരിക്കുന്നതും തുടര്‍ന്ന് ഡി.സി.സി അധ്യക്ഷനാകുന്നതും.

ഡി.സി.സി അധ്യാക്ഷനായ ശേഷം കോണ്‍ഗ്രസിന്റെ അടിസ്ഥാന കമ്മിറ്റിയായ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏതാണ്ട് എല്ലായിടത്തും ഇപ്പോള്‍ കോണ്‍ഗ്രസ് സി.യു.സി രൂപീകരിച്ചതായി അദ്ദേഹം പറയുന്നു. ഫെബ്രുവരി അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയുടെ വാർത്താതാരമായി അഡ്വ.കെ.പ്രവീൺ കുമാറിനെ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.