കീഴരിയൂർ ആനപ്പാറ ക്വാറിയിലെ ഖനനം നിർത്തണമെന്ന് എൽ.ജെ.ഡി ജില്ലാ നേതൃ സംഘം


കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂരിലെ ആനപ്പാറ ക്വാറിയിലെ ഖനനം നിർത്തണമെന്നും ജില്ലാ കളക്ടർ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും എൽ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ. ആനപ്പാറ ക്വാറിയും ക്വാറിക്കെതിരെ സമരം നടത്തുന്ന സമരസമിതി പ്രവർത്തകരുടെ സമരപന്തലും സന്ദർശിച്ച ശേഷം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്വാറിയിലെ സ്ഫോടനം മൂലം വിള്ളലുകൾ വന്ന പരിസരത്തെ വീടുകളും എൽ.ജെ.ഡി ജില്ലാ നേതൃസംഘം സന്ദർശിച്ചു. പി.ബാലൻ, മധുമാവുള്ളാട്ടിൽ, സുനിൽ ഓടയിൽ, കെ.എം.ബാലൻ, ബി.ടി.സുധീഷ് കുമാർ, പി.കെ.ശങ്കരൻ, പി.ടി.ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ക്വാറിയിലും പരിസരത്തെ വീടുകളും സന്ദർശിച്ചത്.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.

വീഡിയോ:

ക്വാറിയില്‍ നിന്നുള്ള ഭാരം കയറ്റിയുള്ള ലോറികള്‍ പോരുന്നത് കാരണം നടുവത്തൂര്‍ ശിവക്ഷേത്രം – കുറുമയില്‍ താഴെ റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം കണ്ടും കുഴിയുമായി. നടുവത്തൂര്‍ പ്രദേശത്തുള്ളവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ ആയൂര്‍വേദ ആശുപത്രി, സര്‍ക്കാര്‍ മൃഗാശുപത്രി എന്നിവിടങ്ങളിലേക്കും കുറുമയില്‍ താഴെ ഉള്ളവര്‍ക്ക് നടുവത്തൂര്‍ യു.പി സ്‌ക്കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍, റേഷന്‍ കട, പാല്‍ സൊസൈറ്റി എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണിത്.

എന്നാല്‍ ക്വാറിയിലേക്ക് പോകുന്ന കൂറ്റന്‍ ലോറികള്‍ ഈ റോഡിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്നത് കാരണം റോഡ് കണ്ടും കുഴിയുമായി മാറി. റോഡിലെ കുഴി കാരണം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് പലപ്പോഴും അപകടത്തില്‍പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷപോലും ഇതുവഴി വരാറില്ല. ക്വാറി മാനേജ്മെന്റ് റോഡ് സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നു എന്നാണ് നാട്ടുകാര്‍ക്കുള്ള പരാതി. റോഡിന്റെ പരിതാപകരമായ അവസ്ഥ ആരും ശ്രദ്ധിക്കുന്നില്ലെന്നും കണ്ടും കഴിയുമായി റോഡിലെ യാത്ര ദുഷ്‌കരമാവുകയും ക്വാറി പ്രവര്‍ത്തനത്തിന്റെ ദുരന്ത പാതയായി റോഡ് മാറി എന്നുമാണ് നാട്ടുകാരുടെ പരാതി.