കായിക ഗ്രാമങ്ങളൊരുക്കാം; ഗ്രാമ പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾക്ക് രൂപം നൽകും


തിരുവനന്തപുരം: ജില്ലാ തലത്തിലുള്ളത് പോലെ ഗ്രാമ പഞ്ചായത്ത് തലത്തിലും സ്പോർട്സ് കൗൺസിലുകൾക്ക് രൂപം നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.ജി.ആർ അനിൽ. പട്ടണങ്ങളിൽ നടപ്പാക്കുന്ന മാതൃകയിൽ കളിക്കളങ്ങളും നീന്തൽ കുളങ്ങളും ഗ്രാമ പഞ്ചായത്ത് തലത്തിലും ഒരുക്കി വരുന്നതായും കായിക രംഗത്ത് താത്പര്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഖോ ഖോ അസോസിയേഷന്റെയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ ഒളിമ്പിക് ഖോ ഖോ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ഒളിംപിക്സുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളിലൂടെ നിരവധി പുതിയ കായികതാരങ്ങളെ ലഭിക്കുമെന്നും കായിക രംഗത്ത് താത്പര്യമുള്ള കുട്ടികളെ പ്രൈമറി തലത്തിൽ കണ്ടെത്തിയാൽ മികച്ച കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക് മത്സരങ്ങൾ ഫെബ്രുവരി 15 മുതൽ 24 വരെ നടക്കും. 24 കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായാണ് ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരങ്ങൾ ജനുവരി മൂന്ന് മുതൽ ഒമ്പത് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നത് . കേരളത്തിന്റെ കായിക മേഖലയെ ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുത്ത് ഒളിപിക്‌സിനായി തയ്യാറെടുക്കുകയാണ് കേരള ഒളിമ്പിക് ഗെയിംസിന്റെ മുഖ്യ ലക്ഷ്യം.

ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത സംഘം മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, സ്വാഗത സംഘം ചെയർപേഴ്സൺ ജെ ലളിത, ജനപ്രതിനിധികൾ, പ്രിൻസിപ്പാൾ ബി.സുരേന്ദ്രനാഥ്, പി.ടി.എ അംഗങ്ങൾ, ഖോ ഖോ അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാരൻ.കെ എന്നിവർ പങ്കെടുത്തു.