‘ഇന്ത്യ മതരാഷ്ട്രമാകുമെന്ന് വ്യാമോഹിച്ച വർഗീയ ശക്തികളെ നിരാശപ്പെടുത്തി മഹാത്മാഗാന്ധി ഇന്നും ജീവിക്കുന്നു’; കൊയിലാണ്ടിയിൽ ‘മഹാത്മാവിനു പ്രണാമം’


കൊയിലാണ്ടി: മഹാത്മാഗാന്ധി ഇല്ലാത്ത ഇന്ത്യ മതരാഷ്ട്രമാകുമെന്ന് വ്യാമോഹിച്ച വർഗ്ഗീയ ശക്തികളെ നിരാശപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയുടെ നിലക്കാത്ത നെഞ്ചിടിപ്പായി മഹാത്മജി ഇന്നും ജീവിക്കുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘മഹാത്മാവിനു പ്രണാമം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരും തലമുറകളേയും സ്വാധീനിക്കാൻ കഴിയും വിധം മാനവികതയിൽ അധിഷ്ഠിതമാണ് ഗാന്ധിയൻ ദർശനങ്ങളുടെ അന്തഃസത്തയെന്നും ശ്രീബുദ്ധനോളം പഴക്കമുള്ള അഹിംസാ സിദ്ധാന്തത്തെ സമരപഥങ്ങളിലേക്കൊഴുക്കിയതാണ് മാഹത്മജി ആധുനിക ലോകത്തിനു നല്കിയ വലിയ സംഭാവന. ആസക്തിയിൽ നിന്നുള്ള വിടുതലാണ് സ്വാതന്ത്ര്യം എന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജി വിഭവങ്ങളോടും വൈകാരികതകളോടും കഠിനമായ മിതത്വം പാലിച്ച് ലാളിത്യത്തിന്റെ അഴകാർന്ന സുതാര്യതയിൽ ജനങ്ങളോടു സംവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. വി.വി.സുധാകരൻ, സി.കെ.മുരളീധരൻ, പ്രേമൻ നന്മന, കെ.അബ്ദുൾ ഷുക്കൂർ, ടി.വി. സജീവൻ, കെ.വി.ശിവാനന്ദൻ, വി.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.