ഇനി ഇതെന്ന് തുറക്കും? രണ്ടു വർഷമായിട്ടും പണിതീർത്ത് തുറന്നു നൽകാതെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ


കൊയിലാണ്ടി: നവീകരണവും സൗന്ദര്യവൽക്കരണവുമെല്ലാം കഴിഞ്ഞു ഒരുങ്ങിയിരിക്കുകയാണെങ്കിലും ഇനിയും യാത്രക്കാർക്കായി തുറന്നു നൽകാതെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ. രണ്ടുവർഷത്തിലേറെയായി കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഒടുവിൽ പണി പൂർത്തികരിച്ചപ്പോൾ കരാറുകാർക്ക് മുഴുവൻ തുകയും നൽകാത്തതിന്റെ പേരിൽ അവർ കെട്ടിടം വിട്ടു നൽകാത്തതിനാൽ നവീകരണം നടന്ന കെട്ടിടം തുറന്നു നല്കാൻ വീണ്ടും സമയമെടുക്കുകയാണ്.

നൂറ്റിപതിനെട്ടു വർഷത്തിലേറെ പഴക്കമുള്ള കൊയിലാണ്ടി സ്റ്റേഷൻ അസൗകര്യങ്ങൾ മാത്രം നിറഞ്ഞതായിരുന്നു. ഇപ്പോൾ നവീകരണം നടത്തുന്നത് ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ്. എന്നാൽ നിരവധി സമരങ്ങളുടെ ഒടുവിലാണ് ഇതിനുള്ള അനുമതി ഒരുങ്ങുന്നത്.

നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു നീക്കിയാണ് ഇപ്പോൾ പുതിയ കെട്ടിടം പണിതത്. രണ്ട് ടിക്കറ്റ് കൗണ്ടറുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വിശ്രമമുറികൾ, ആർ.പി.എഫ് റൂം, ക്ലോക്ക് റൂം, സ്റ്റേഷൻ ഓഫീസറുടെ മുറി എന്നിവയാണ് ഇതിനോടിപ്പം നിർമിച്ചിട്ടുള്ളത്. ഒപ്പം പ്ലാറ്റുഫോമിന്റെ ഇരു ഭാഗങ്ങളും നീളവും കൂട്ടിയിട്ടുണ്ട്.

നിലവിലുള്ള ടിക്കറ്റ് കൗണ്ടറിൽ അഞ്ചാളുകൾക്ക് നിൽക്കാനും റിസർവേഷൻ അപേക്ഷ പൂരിപ്പിക്കാൻ പോലും സൗകര്യമില്ലാത്തതായിരുന്നു എന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

വിദ്യാർത്ഥികളും കച്ചവടക്കാരുമുൾപ്പെടെ കൊയിലാണ്ടി സ്റ്റേഷനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണുള്ളത്. ഇത് തുറന്നു നൽകാത്തത് മൂലം ഇവരെ പോലെ നിരവധി ആൾക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

പുതിയ കെട്ടിടം എത്രയും പെട്ടെന്ന് ഇനി യാത്രക്കാർക്കായി തുറന്ന് നൽകണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.