അന്ത്യനിദ്രയ്ക്ക് ഇടമില്ലാത്ത വയോധികന്റെ കുടുംബത്തിന് ആശ്രയമായ ചെയര്‍മാന്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ മറ്റൊരു ജനകീയ മുഖം പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍


പയ്യോളി: കുഴിയെടുത്താല്‍ വെള്ളം കാണും, ചിതയൊരുക്കാനും സൗകര്യമില്ല. കോവിഡ് ബാധിച്ച് മരിച്ച ഇരിങ്ങല്‍ പുത്തന്‍കുനിയില്‍ ‘സ്‌നേഹാലയ’ത്തില്‍ നാരായണന്‍ എന്ന 63 വയസുകാരന്‍ മരിച്ചപ്പോള്‍ പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ ദുഃഖത്തിന് പുറമെ മൃതദേഹം സംസ്‌കരിക്കാന്‍ എന്ത് ചെയ്യുമെന്ന് പോലും ധാരണയില്ലായിരുന്നു വീട്ടുകാര്‍ക്ക്. സഹായിക്കാന്‍ ബന്ധുക്കളമില്ല. നാട്ടുകാര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ 16 വ്യാഴാഴ്ച ഉച്ചയോടെയാണ് നാരായണന്‍ മരിക്കുന്നത്. മരണ വാര്‍ത്ത അറിഞ്ഞതോടെ ഭാര്യ രമ്യയും മകള്‍ യുദത്തും പൊട്ടിക്കരഞ്ഞു. ഈ സമയത്താണ് പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ അവരുടെ വീട്ടിലെത്തിയത്.

‘നിങ്ങള്‍ വിഷമിക്കാതിരിക്കൂ, കാര്യങ്ങളെല്ലാം ഞാന്‍ ചെയ്യും….’

കനത്ത ദുഃഖത്തിനിടയിലും ഷഫീഖിന്റെ ഈ വാക്കുകള്‍ അവരുടെ മനസിലേക്ക് ആശ്വാസമായി പെയ്തിറങ്ങി. പിന്നീടങ്ങോട്ട് തന്റെ സ്വന്തം വീട്ടിലെന്ന പോലെയാണ് ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ ആ വീട്ടിലെ കാര്യങ്ങള്‍ ചെയ്തത്.

അഞ്ച് സെന്റ് സ്ഥലത്താണ് നാരായണനും കുടുംബവും താമസിച്ചിരുന്നത്. ആ വീട്ടില്‍ നിന്ന് വീട്ടുകാരെ ആശ്വസിപ്പിച്ച ശേഷം ഷഫീഖ് വടക്കയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പി.പി.ഇ കിറ്റ് ധരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങി.


പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖിന്റെ നേതൃത്വത്തിൽ നാരായണന്റെ മ്യതദേഹം കോഴിക്കോട്‌ വെസ്റ്റ്‌ഹിൽ ശ്മശാനത്തിലെത്തിച്ചപ്പോൾ.


അദ്ദേഹത്തിനൊപ്പം പി.പി.ഇ കിറ്റ് ധരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി.പ്രജീഷ് കുമാര്‍, ഡ്രൈവര്‍ മുജേഷ് ശാസ്ത്രി, തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് എം.ജിതിന്‍, യൂത്ത് കോ-ഓഡിനേറ്റര്‍ എസ്.ഡി.സുദേവ് എന്നിവരും ഉണ്ടായിരുന്നു. ആംബുലന്‍സില്‍ നാരായണന്റെ മൃതദേഹവുമായി കോര്‍പ്പറേഷന്റെ വെസ്റ്റ്ഹില്‍ ശ്മശാനത്തിലെത്തി. അഞ്ചുപേരും ചേര്‍ന്ന് ആചാരപ്രകാരമുള്ള ക്രിയകള്‍ ചെയ്ത ശേഷം സംസ്‌കാരം നടത്തുകയായിരുന്നു.

പയ്യോളി നഗരസഭയിലെ യു.ഡി.എഫിന്റെ ആദ്യ ചെയര്‍മാനാണ് ഷഫീഖ് വടക്കയില്‍. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന അദ്ദേഹം ജനപ്രതിനിധികള്‍ക്കാകെ മാതൃയാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് മേല്‍പ്പറഞ്ഞത്. താന്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും കഷ്ടപ്പാടുകളും കണ്ടറിഞ്ഞ് വേണ്ടത് ചെയ്യുന്ന അദ്ദേഹത്തെ പോലുള്ള ജനപ്രതിനിധികളാണ് നമ്മുടെ നാടിന് ആവശ്യം.

കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയിലിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.